കൊച്ചി: ശബരിമല സ്പെഷൽ ബസുകളിൽ സ്ത്രീ യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്താനാവില്ലെന്ന് കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തിെൻറ പൊതുഗതാഗത സൗകര്യം എന്ന നിലയിൽ നിയമപ്രകാരം രൂപവത്കരിച്ചതാണ് കെ.എസ്.ആർ.ടി.സി എന്നിരിക്കെ ഏതെങ്കിലും വിഭാഗം യാത്രക്കാർക്ക് വിലക്കേർപ്പെടുത്താനാവില്ല. മാത്രമല്ല, ഇത് വിവേചനപരവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധവുമാകുമെന്ന് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലോ ഒാഫിസർ പി.എൻ. ഹെന ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ശബരിമല സ്പെഷൽ ബസുകളിൽ സ്ത്രീകൾ യാത്രചെയ്യുന്നത് തടയാതിരിക്കുന്നതും നിന്നുയാത്ര അനുവദിക്കുന്നതും ചോദ്യം ചെയ്ത് പാലായിലെ സെൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ സമർപ്പിച്ച ഹരജിയിലാണ് വിശദീകരണം.
ശബരിമല തീർഥാടകർക്കു വേണ്ടി സർവിസ് നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് പ്രായപരിധിയില്ലാതെ യാത്രാനുമതി നൽകുന്നത് തീർഥാടനത്തിെൻറ ഉദ്ദേശ്യശുദ്ധിയെ കളങ്കപ്പെടുത്തന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽനിന്നും മറ്റുമാണ് തീർഥാടകർക്ക് സൂപ്പർ ക്ലാസ് ബസുകൾ ഉൾപ്പെടെ സ്പെഷൽ സർവിസ് നടത്തുന്നത്. സൂപ്പർ ക്ലാസുകളിലുൾപ്പെടെ ആളുകളെ നിർത്തി യാത്ര ചെയ്യാനനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മാത്രമല്ല, സംസ്ഥാനത്തിന് പുറത്തുനിന്നും പമ്പ, നിലക്കൽ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ടെന്നും സ്ത്രീകളെ വിലക്കുന്ന നടപടി അപ്രായോഗികമാണെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
ശബരിമല തീർഥാടന മേഖലക്കകത്ത് വിലക്കേർപ്പെടുത്തണമോയെന്ന് തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോർഡിനാണ്. അതിനാൽ, ഇക്കാര്യത്തിൽ നിയമവും ആചാരവുമനുസരിച്ച് നടപടിയെടുക്കേണ്ടതും അവരാണ്. സൂപ്പർ ക്ലാസ് ബസുകളിലടക്കം സീറ്റീങ്ങിനുള്ള ആളുകളുടെ 25 ശതമാനം പേരെ നിർത്തിക്കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിനപ്പുറം ആളുകളെ ശബരിമല സ്പെഷൽ ബസുകളിലും നിർത്തിക്കൊണ്ടു പോകാറില്ല.
സ്പെഷൽ ബസുകളിലെ യാത്ര നിരക്കുകൾ ഇതുസംബന്ധിച്ച വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ളതാണ്. നിരക്ക് പരിഷ്കരണ സമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ളതാണ് ഇൗ തുകയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.