കൊച്ചി: കനത്തമഴയിലും വെള്ളക്കെട്ടിലും കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസ് സർവിസ് നിലച്ചു. റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്ക് എറണാകുളത്തുനിന്നുള്ള ദീർഘദൂര സർവിസുകൾ പലതും നിർത്തിവെച്ചു. തൃശൂർ, കോട്ടയം, കുമളി, മൂന്നാർ, ഷൊർണൂർ ഭാഗങ്ങളിലേക്കുള്ള സർവിസുകളും വെട്ടിക്കുറച്ചു. ആലപ്പുഴ ദേശീയപാത വഴി തിരുവനന്തപുരത്തേക്ക് ഭാഗികമായി സർവിസ് നടത്തുന്നുണ്ട്.
പലസ്ഥലങ്ങളിലേക്കും പോയ ബസുകൾ തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോടേക്ക് എറണാകുളത്തുനിന്ന് പുറപ്പെട്ട മൂന്നുബസ് റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പാതിവഴിയിൽ പിടിച്ചിട്ടു. ഹോസ്റ്റലുകളും കോളജുകളും അടിയന്തരമായി അടച്ചതിനെത്തുടർന്ന് വിദ്യാർഥികളടക്കമുള്ളവരാണ് കൂടുതലായും കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചിരുന്നത്. ഇവരിൽ പലർക്കും പാതിവഴിയിൽ യാത്ര ഉപേക്ഷിക്കേണ്ടിവന്നു. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിക്കാൻ കെ.എസ്.ആർ.ടി.സി ഓടുന്നുണ്ട്. ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കാനും സാധനസാമഗ്രികൾ കൊണ്ടുവരാനും ദുരിതാശ്വാസപ്രവർത്തകരെ എത്തിക്കാനും ബസ് വിട്ടുകൊടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.