കോട്ടയം: സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഞായറാഴ്ച മുതൽ സിംഗിൾ ഡ്യൂട്ടി സംവിധാനം നിലവിൽ വരും. ജീവനക്കാർ എതിർത്താലും പുതിയ സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിരിക്കണമെന്നാണ് ചീഫ് ഒാഫിസ് യൂനിറ്റ് ഒാഫിസർമാർക്ക് നൽകിയ കർശന നിർദേശം. ഇതോടെ ഡിപ്പോകളുടെ ചുമതലയുള്ള ഡി.ടി.ഒ-എടി.ഒമാർ പലയിടത്തും പ്രതിസന്ധിയിലായി. സിംഗിൾ ഡ്യൂട്ടി സംവിധാനത്തിനെതിരെ ജീവനക്കാർ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതാണ് യൂനിറ്റ് മേധാവികളെ വലക്കുന്നത്. ഇതുവരെ സി.എം.ഡിയെ പിന്തുണച്ചവരും എതിർപക്ഷത്തായി.
പുതിയ സംവിധാനത്തോടുള്ള അന്തിമനിലപാട് യൂനിയനുകൾ ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും പൂർണമായും അനുകൂലിക്കില്ലെന്ന് നേതൃത്വം പറയുന്നു. സിംഗിൾ ഡ്യൂട്ടി വരുന്നതോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിരവധി ഒാർഡിനറി സർവിസുകൾ ഇല്ലാതാകും, കുറഞ്ഞത് ആയിരത്തിനടുത്ത് വരും. ചിലപ്പോൾ ഇതിെൻറ എണ്ണം 1200 വരെയാവും. സർവിസ് ലാഭകരമാക്കാൻ ഷെഡ്യൂൾ പുനഃക്രമീകരണവും ഇതോടൊപ്പം നടത്തിയിട്ടുണ്ട്. ഒരുവിധത്തിലും ലാഭകരമാവില്ലെന്ന് ഉറപ്പുള്ള സർവിസുകളാവും നിർത്തലാക്കുക. ഡിപ്പോതലത്തിൽ തയാറാക്കിയ സിംഗിൾഡ്യൂട്ടി സംവിധാനത്തിെൻറ അന്തിമപട്ടിക യൂനിറ്റ് ഒാഫിസർമാർ സോണൽ മാനേജർമാർക്ക് കഴിഞ്ഞദിവസം കൈമാറി.
പട്ടികക്ക് ചീഫ് ഒാഫിസും അംഗീകാരം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്കുള്ള സമയങ്ങളിലാവും കൂടുതൽ സർവിസ്. അല്ലാത്ത സമയങ്ങളിൽ സർവിസുകൾ പരിമിതമാവും. ഇതിനായി ചില ഡ്യൂട്ടി ഉച്ചക്ക് തുടങ്ങി എട്ടുമണിക്കൂർ പൂർത്തിയാക്കുന്ന വിധം അടുത്തദിവസം രാവിലെ അവസാനിക്കുന്ന വിധത്തിലും തയാറാക്കിയിട്ടുണ്ട്. ചിലത് നാലും അഞ്ചും മണിക്കൂർ ഡ്യൂട്ടിചെയ്ത ശേഷം ബാക്കി ഡ്യൂട്ടിക്കായി അടുത്ത ദിവസവും വരേണ്ടിവരും. ഇത് കലക്ഷൻ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ലാഭകരമല്ലാത്ത സർവിസുകൾ നിർത്തലാക്കിയിട്ടുണ്ട്. ബസുകൾ തീരെക്കുറവുള്ള മേഖലകളിലേക്ക് പുതിയ രീതിയിൽ ഷെഡ്യൂൾ പുനഃക്രമീകരിച്ചിട്ടുണ്ട്. മലയോര-കിഴക്കൻ മേഖലകളിൽ യാത്രക്ലേശം ഉണ്ടാകരുതെന്നും നിർദേശമുണ്ട്. പുതിയ സംവിധാനം നടപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ ജീവനക്കാരുടെ സംഘടനകളെല്ലാം തന്നെ എതിർപ്പുമായി രംഗത്തുണ്ട്. ഡിപ്പോകളിൽ കൺട്രോളിങ് ഇൻസ്പക്ടർമാരുടെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ട നടപടിക്ക് ശേഷമായിരുന്നു യൂനിറ്റ്തലത്തിൽ സിംഗിൾഡ്യൂട്ടി സംവിധാനത്തിനു രൂപം നൽകിയത്.ഒാർഡിനറി സർവിസുകൾ കുറവുള്ള മലബാർ മേഖലയിൽ പുതിയ നടപടി പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാമമാത്ര സർവിസുകളാവും നിലക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.