കോട്ടയം: കെ.എസ്.ആർ.ടി.സിക്ക് പുതിയ 360 ബസുകൾ വാങ്ങാൻ ഗതാഗത വകുപ്പ് അനുമതി നൽകി. ഫാസ്റ്റ് പാസഞ്ചർ - 50 എണ്ണം ( വൈദ്യുതി), സൂപ്പർ ഫാസ്റ്റ് ബസുകൾ - 310 എണ്ണം (സി.എൻ.ജി) ഉൾപ്പെടെ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയിൽ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന്) കേന്ദ്ര സർക്കാരിന്റെ സബ്സിഡി ലഭ്യമാകും. ശേഷിക്കുന്ന 259 കോടി കിഫ്ബിയിൽ നിന്നും 4% പലിശ നിരക്കിലുള്ള വായ്പയാണ് ലഭിക്കുക. ധനമന്ത്രി ടി.എം. തോമസ് ഐസക് ചെയർമാനായ കിഫ്ബി ബോർഡ് നേരത്തെ കെ.എസ്.ആർ.ടി.സിക്ക് തുക അനുവദിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാറിന്റെ നടപടി.
ഡൽഹി കഴിഞ്ഞാൽ തിരുവനന്തപുരത്തെ ഗ്രീൻ സിറ്റിയാക്കുനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി നടപ്പിലാക്കുക. മൂന്ന് വർഷത്തിനകം സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് പൂർണമായി നടപ്പിലാക്കാനാണ് ശ്രമം. ഇതിനായി ആനയറയിൽ ഇപ്പോൾ സി.എൻ.ജി പമ്പ് വന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ പമ്പ് ആരംഭിക്കുന്നതിന് വേണ്ടി ഓയിൽ കമ്പിനികൾ പഠനം നടത്തി വരുകയാണ്. എൽ.എൻ.ജിയുടെ വില മാർക്കറ്റിൽ വളരെ കുറവാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 44 രൂപയ്ക്കാണ് 1 കിലോ എൽ.എൻ.ജി നൽകുന്നത്. സി.എൻ.ജിയുടെ വില 57.3 രൂപയും. ഇപ്പോൾ ഡീസൽ വാങ്ങുന്നത് ലിറ്ററിന് 71 രൂപക്ക് വരെയാണ് നൽകേണ്ടി വരുന്നത്. പുതിയ രീതിയിൽ മാറിയിൽ ഏകദേശം 30 ശതമാനത്തിനകത്ത് ഫ്യൂവൽ ചെയ്‍ഞ്ച് വഴി സാമ്പത്തികം ലാഭിക്കാമെന്നാണ് കെ.എസ്ആർ.ടി.സിയുടെ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.