കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ

കോഴിക്കോട്ടെ മന്ത്രിമാർ ഇതൊന്നും കാണുന്നില്ലേ: കെ.എസ്.ആർ.ടി.സി വർഷം പാഴാക്കുന്നത് 5.18 കോടി രൂപ

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ പണമില്ലാതെ സർക്കാർ തൊഴിലാളികൾക്ക് മുന്നിൽ കൈമലർത്തുമ്പോൾ കോഴിക്കോട്ട് പ്രതിമാസം 43.20 ലക്ഷം രൂപ വാടക നിശ്ചയിച്ച വ്യാപാര സമുച്ചയം നോക്കുകുത്തി. 3,28,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി റിപ്പോർട്ടിന്റെ പേരിൽ ഉപയോഗ ശൂന്യമായിക്കിടക്കുന്നത്. ഇടക്കാലത്ത് ബസ് സ്റ്റാൻഡ് ഇവിടെ നിന്ന് മാറ്റി കെട്ടിടബലക്ഷയം തീർക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും നടപടികൾ പതുക്കെ മതിയെന്ന വാക്കാൽ നിർദേശം മുകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കയാണ്. ഇതോടെ ബലക്ഷയം തീർക്കൽ അനിശ്ചിതമായി നീളുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ കെട്ടിടം വെറുതെ കിടന്നാൽ ഒരു വർഷം 5.18 കോടി രൂപയാണ് നഷ്ടം. കോഴിക്കോടിന് മൂന്നു മന്ത്രിമാരുണ്ടായിട്ടും പ്രശ്നപരിഹാരം നീളുകയാണ്.

മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് കഴിഞ്ഞ ആഗസ്റ്റിൽ ബസ് ടെർമിനൽ പാട്ടത്തിന് കൊടുക്കുന്നതിലെ അനിശ്ചിതത്വത്തിന് അവസാനമുണ്ടാക്കിയത്. വീണ്ടും സാങ്കേതികത്വത്തിന്റെ പേരിൽ പൊതുമുതൽ നശിച്ചുകൊണ്ടിരിക്കുമ്പോൾ സർക്കാർ ഇത് ഗൗരവത്തിലെടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട സകല നടപടികളും ദുരൂഹമാണ്. കെട്ടിടം അലിഫ് ബിൽഡേഴ്സ് എന്ന സ്വകാര്യകമ്പനിക്ക് തുച്ഛ വാടക നിശ്ചയിച്ചാണ് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. എന്നാൽ, ആ വാടകയെങ്കിലും ഈ ദുരിതം പിടിച്ച കാലത്ത് കെ.എസ്.ആർ.ടി.സിക്ക് കിട്ടാൻ കോഴിക്കോട്ടെ മന്ത്രിമാർ ഇടപെടുന്നില്ല. നിർമാണം മുതൽ പാട്ടത്തിന് കൊടുത്തതിൽ വരെ ഗുരുതര അഴിമതിയും ക്രമക്കേടും ചട്ടലംഘനവും കേട്ട പദ്ധതിയാണിത്.

എറ്റവുമൊടുവിൽ പാട്ടക്കരാർ ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സിനു വേണ്ടി ബസ് സ്റ്റാൻഡിനകത്തെ കാപ്പിക്കട കൂടി അടപ്പിച്ചതോടെ പ്രതിമാസം 14 ലക്ഷം രൂപ വരുമാനം ലഭിച്ചതും മുടങ്ങി. ഏഴ് ലക്ഷം രൂപ വാടകയിൽ രണ്ട് കിയോസ്കുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.

അലിഫ് ബിൽഡേഴ്സിന് ചതുരശ്ര അടിക്ക് പത്ത് രൂപ നിരക്കിൽ വ്യാപാരസമുച്ചയം വാടകക്ക് നൽകിയ അതേ കെട്ടിടത്തിൽ ബസ് സ്റ്റാൻഡിലെ കിയോസ്ക്കുകളിൽ നിന്ന് 1500 മുതൽ 1700 രൂപ വരെ കണക്കാക്കിയാണ് വാടകക്ക് നൽകിയിരുന്നത്. ഇനി ഇവിടെ അലിഫ് ബിൽഡേഴ്സ് സ്വന്തം നിലയിൽ കിയോസ്ക് വാടകക്ക് നൽകാൻ നടപടി ആരംഭിച്ചിട്ടുണ്ട്. അപ്പോഴും കെ. എസ്.ആർ.ടി.സിക്ക് കിട്ടുക പത്ത് രൂപ വാടകയാവും.

Tags:    
News Summary - KSRTC wastes `5.18 crore every year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.