തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ വസതിയിൽ കെ.എസ്.യു പ്രതിഷേധം. അഞ്ച് കെ.എസ്.യു പ്രവർത്തകരാണ് മന്ത്രി മന്ദിരത്തിന്‍റെ വളപ്പിൽ കയറിയത്. തൃശൂർ കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് നാല് മണിക്കായിരുന്നു പ്രതിഷേധം.
സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, സംസ്ഥാന സമിതിയംഗങ്ങളായ അമൃത പ്രിയ, സുധീവ് അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. താഴും താക്കോലുമായി മന്ത്രിയുടെ വസതിയുടെ ഗേറ്റ് പൂട്ടാനായിരുന്നു പ്രതിഷേധക്കാരുടെ പദ്ധതി. എന്നാൽ, പൊലീസ് താഴും താക്കോലും പിടിച്ചെടുത്തു. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വസതിയിലേക്ക് ഇന്നലെ നടന്ന കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സംസ്ഥാന നിർവാഹകസമിതി അംഗം നസിയ മുണ്ടപ്പള്ളിക്ക് ഗുരുതര പരിക്കേറ്റു. ജില്ല ഭാരവാഹി അഭിജിത്തിനും നിരവധി പ്രവർത്തകർക്കും ലാത്തിച്ചാർജിൽ പരിക്കേറ്റു.
ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളും അരങ്ങേറി. തുടർന്ന് മാർച്ച് സംഘർഷത്തിലേക്ക് നീങ്ങി. പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു. വീണ്ടും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി.
നിലത്തുവീണ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. ഇതിനിടയിലാണ് പൊലീസിന്‍റെ ലാത്തിയടിയേറ്റ് നസിയായുടെ മൂക്കിന് പരിക്കേറ്റത്. ചോരയൊഴുകി നിലത്തുവീണ ഇവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലും അവിടെനിന്ന് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.