ശാസ്താംകോട്ട: കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടന്ന ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. പൊലീസിന്റെ ലാത്തിച്ചാർജിൽ പെൺകുട്ടികൾ അടക്കം നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. മൂന്ന് വനിതാ പൊലീസിനും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബിരുദ വിദ്യാർഥികളായ ആദിൽ ലാലു, ആസിഫ് മുഹമ്മദ്, അൻവർ ബിജു, അർഷാദ്, ആരോമൽ, അബ്ദുല്ല, ഹാഷിം, യൂനിയൻ ജനറൽ സെക്രട്ടറി അഭിഷേക് ശിവൻ, മുൻ ചെയർമാൻ അമൽ സൂര്യ എന്നിവർക്കാണ് പരിക്കേറ്റത്. അഭിഷേക് ശിവൻ, ആദിൽ ലാലു എന്നിവരുടെ പരിക്ക് ഗുരുതരമാണ്. നിരവധി പെൺകുട്ടികൾക്കും പൊലീസ് മർദനത്തിൽ പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരായ 10 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ കോളജിന്റെ പ്രധാന കവാടം പൂട്ടി ഉപരോധ സമരം ആരംഭിച്ചത്. തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും ഉൾപ്പെടെ അകത്തേക്ക് കയറാൻ അനുവദിച്ചില്ല. സ്ഥലത്ത് പൊലീസും എത്തിയിരുന്നു. ഉച്ചക്ക് 12 ഓടെ ഗേറ്റ് തുറന്നുനൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോളജ് അധികൃതർ എത്തി ചർച്ച നടത്താതെ തുറക്കില്ലെന്ന് കെ.എസ്.യു അറിയിച്ചു. എന്നാൽ, ചർച്ചക്ക് കോളജ് അധികൃതർ തയാറായില്ല. തുടർന്ന് ബലമായി പിടിച്ചുമാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രവർത്തകർ ചെറുത്തതോടെ സംഘർഷത്തിൽ കലാശിക്കുകയും ലാത്തി വീശുകയായിരുന്നു. കൈകോർത്ത് പ്രതിരോധിച്ച പെൺകുട്ടികൾ അടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് കെ.എസ്.യു ആരോപിക്കുന്നു.
ശാസ്താംകോട്ട, ശൂരനാട്, കിഴക്കേ കല്ലട എന്നീ സ്റ്റേഷനുകളിൽ നിന്ന് എത്തിയ പൊലീസ് സംഘവും ഉണ്ടായിരുന്നു. കോളജിൽ ക്രിസ്മസിന്റെ ഭാഗമായി നക്ഷത്രം തൂക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് 10 കെ.എസ്.യുക്കാരെ സസ്പെന്റ് ചെയ്തത്. ക്രിസ്മസിന്റെ ഭാഗമായി ആദ്യം കെ.എസ്.യു ഉയർത്തിയ നക്ഷത്രം എസ്.എഫ്.ഐ ഇടപെട്ട് അഴിപ്പിച്ചിരുന്നു. എന്നാൽ, ഈ ഭാഗത്ത് കോളജ് യൂനിയനാണ് നക്ഷത്രം ഉയർത്തുന്നത് എന്ന വാദവുമായി എസ്.എഫ്.ഐ എത്തിയതോടെ തർക്കമായി. തുടർന്ന് പ്രിൻസിപ്പൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച തീരുമാനമെടുക്കാം എന്ന ധാരണയിൽ കെ.എസ്.യു തൂക്കിയ നക്ഷത്രം അഴിച്ചുമാറ്റി. എന്നാൽ, പിന്നീട് അതേ സ്ഥലത്ത് എസ്.എഫ്.ഐക്കാർ നക്ഷത്രം തൂക്കുകയുണ്ടായി. ഇതിൽ പ്രകോപിതരായ കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞദിവസം വീണ്ടും നക്ഷത്രം തൂക്കി. കോളജിൽ അതിക്രമിച്ചുകയറി നക്ഷത്രം തൂക്കി എന്ന കാരണത്താലാണ് കെ.എസ്.യു പ്രവർത്തകരെ സസ്പെൻഡ് ചെയ്തതെന്നാണ് കോളജ് അധികൃതർ പറയുന്നത്. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തുമില്ല. ഇടത് അധ്യാപക സംഘടന എസ്.എഫ്.ഐക്ക് അനുകൂലമായി ഏകപക്ഷീയ നിലപാടുകൾ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യു ഉപരോധസമരവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.