തിരുവനന്തപുരം : എസ്.എഫ്.ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നിഖിൽ. എം. തോമസിനെതിരെ ഉയർന്നു വന്നിട്ടുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി അനിവാര്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
നിഖിൽ തോമസിനെതിരെയും വിദ്യ മോഡൽ അന്വേഷണത്തിനാണ് പോലീസ് തയാറാവുന്നതെങ്കിൽ കെ.എസ്.യു ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തെ തച്ചുതകർക്കുകയാണ് ഇത്തരകാർക്ക് സംരക്ഷണ കവചമൊരുക്കുന്നതിലൂടെ എസ്.എഫ്.ഐയും സി.പി.എമ്മും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിഖിൽ തോമസ് എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നതിൽ പരിശോധനകൾ ആവശ്യമാണ്. 2018-2020 കാലയളവിലാണ് ഇയാൾ കായംകുളം എം.എസ്.എം കോളജിൽ ബി കോം ബിരുദ വിദ്യാർഥിയായിരുന്നു. എന്നാൽ ഈ കാലയളവിൽ നിഖിൽ ബികോം പാസായില്ല. 2021 ൽ ഇതേ കോളേജിൽ എംകോമിന് ചേരുന്നു.
2019- 2021 ലെ കലിംഗ യൂനിവേഴ്സിറ്റിയിലെ സർട്ടിഫിക്കറ്റാണ് അഡ്മിഷൻ നേടുന്നതിനായി ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് ആദ്യം ഉന്നയിച്ചത് നിഖിലിൻ്റെ ജൂനിയറായ ജില്ലാ കമ്മിറ്റി അംഗമാണ്. ഒരേ കാലയളവിൽ എങ്ങനെ കായംകുളം എം.എസ്.എം കോളജിലും കലിംഗയിലും വിദ്യാർഥി ആയിരിക്കാൻ കഴിയുമെന്നത് പ്രസക്തമായ ചോദ്യമാണെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കൊള്ളരുതായ്മ പുറത്ത് കൊണ്ടുവരുന്നവരെ ജയിലിലടക്കാനുള്ള പിണറായി വിജയൻ സർക്കാരിൻ്റെ വ്യഗ്രത ഇത്തരം കാര്യങ്ങളിൽ നീതിപൂർവമായ അന്വേഷണം നടത്താനും കാണിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.