വിദേശ സർവകലാശാലക്ക് "കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം" എന്ന് പേരിടണമെന്ന് കെ.എസ്.യു

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുന്നതിനു വേണ്ടിയുള്ള ഡീലാണ് വിദേശ സർവകലാശാലയുടെ വരവിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭം തുടങ്ങുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.

വിദേശ സർവകലാശാലകൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ അതിന് "കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം" എന്ന് പേരിടണമെന്നും  ഒപ്പം പുഷ്പന്റെ പേരിൽ ഒരു ചെയർ ആരംഭിക്കണമെന്നും അലോഷ്യസ് പരിഹസിച്ചു. വിദേശ സർവകലാശാലയുടെ വരവിനെ കെ.എസ്.യു വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. നിലവിൽ കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകർച്ചയും ഒപ്പം അതി രൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണ്. ഇവ പരിഹരിക്കുന്നതിന് യാതൊരു വിധ നിർദ്ദേശങ്ങളോ നടപടികളോ എടുക്കാതെ, വിദേശ സർവകലാശാലയുടെ വരവിനെപറ്റി പരാമർശിക്കുന്നതിൽ ദുരൂഹതയുണ്ട്.

വിദേശ സർവകലാശാല വിഷയത്തിൽ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് കെ.അനുശ്രീ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗമാണ്. വിദേശത്തേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനുള്ള ആർജ്ജവം കാണിക്കണം. അല്ലാത്തപക്ഷം അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ സ്വയം രാജിവെക്കാൻ തയാറാകണമെന്നും ആലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

കെ.എസ്.യു എല്ലാ കാലത്തും വിദ്യാഭ്യാസ മേഖലയിലെ അനിവാര്യമായ മാറ്റങ്ങളെയും പുരോഗമന കാഴ്ച്ചപ്പാടുകളെയും സ്വാഗതം ചെയ്ത പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന്റെ നയവ്യതിയാനത്തിൽ കുറഞ്ഞ പക്ഷം പിണറായി വിജയൻ എസ്.എഫ്.ഐ യെ കൊണ്ട് ടി.പി ശ്രീനിവാസനോട് മാപ്പ് പറയിപ്പിക്കാൻ എങ്കിലും തയാറാവണമെന്നും സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞു. 

Tags:    
News Summary - KSU wants foreign university to be named "Koothuparam Martyr's Memorial".

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.