തൃശൂർ പൂരം കലക്കിയതിലെ പൊലീസ് ഇടപെടലിനെ ചൊല്ലി സി.പി.ഐയുടെ അതൃപ്തി മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അഭിമാനം പണയം െവച്ച് സി.പി.ഐ എന്തിന് എൽ.ഡി.എഫിൽ ശ്വാസം മുട്ടി നിൽക്കണമെന്നാണ് സുധാകരൻ ചോദിക്കുന്നത്. തിരുത്താൻ തയാറെങ്കിൽ സി.പി.ഐയെ യു.ഡി.എഫിൽ സ്വീകരിക്കും. അൻവർ പഴയ നിലപാട് തിരുത്തി വരട്ടെ. അപ്പോൾ കോൺഗ്രസിൽ എടുക്കുന്നത് പരിഗണിക്കാമെന്നും സുധാകരൻ.
മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണുള്ളത്. ഒന്ന് ഭരണപക്ഷത്തിന്റേത് മറ്റൊന്ന് പ്രതിപക്ഷത്തിന്റേത്. പി.വി. അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അൻവറിനെ സി.പി.എം പാർലമെന്ററി പാർട്ടിയിൽ എന്തിന് നിലനിർത്തുന്നതെന്ന് സുധാകരൻ ചോദിച്ചു. പുറത്തക്കിയാൽ പലതും പുറത്ത് വരുമെന്ന ഭയമാണുള്ളതെന്ന് സുധാകരൻ ആരോപിച്ചു.
ഇതിനിടെ, പി.വി. അൻവറെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നിലമ്പൂർ നേതൃത്വം രംഗത്തെത്തി. ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്‍റ് ഇക്ബാൽ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്‍റെ നന്മക്കായി ഒന്നിച്ച് പോരാടാമെന്നും ഇക്ബാൽ മുണ്ടേരി പോസ്റ്റിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കാത്തതിൽ അൻവറിന് നിരാശയുണ്ട്. സ്വാതന്ത്ര്യ സമരസേനാനി ഷൗക്കത്തലി സാഹിബിന്‍റെ മകനായ പി.വി അൻവറിന്‍റെ യഥാർഥ മുഖമാണ് പിണറായി വിജയൻ കാണേണ്ടത്. ഈ ദുഷ്ടശക്തികൾക്കെതിരെ, നാടിന്‍റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും ഇക്ബാൽ മുണ്ടേരി പറയുന്നു.
ഈ ഭരണം സംഘ് പരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും എല്ലാതരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി മുസ് ലിം ലീഗും യു.ഡി.എഫും പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. ഈ നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്‍റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയാറാവുന്ന ഘട്ടത്തിന് സമയമാവുകയാണെന്നും ഇക്ബാൽ മുണ്ടേരി എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കുന്നു. അൻവറിനെ സ്വാഗതം ചെയ്തുള്ള പോസ്റ്റ് വാർത്തയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി എഫ്.ബി പോസ്റ്റ് പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.