കണ്ണൂർ: കോൺഗ്രസിനെ കുരുക്കിലാക്കി ആർ.എസ്.എസ് വിഷയത്തിൽ കെ. സുധാകരന്റെ 'അധികപ്രസംഗം'. കെ.പി.സി.സി അധ്യക്ഷൻ ആർ.എസ്.എസിന്റെ നാവായി മാറിയെന്ന ആക്ഷേപവുമായി ഇടതുപക്ഷം ആഞ്ഞടിക്കുമ്പോൾ കോൺഗ്രസ് പ്രതിരോധത്തിലാണ്.
ഇക്കാര്യത്തിൽ യു.ഡി.എഫിൽ മുസ്ലിം ലീഗും വലിയതോതിൽ അസ്വസ്ഥരാണ്. ആർ.എസ്.എസിനോട് മമതയില്ലെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുമ്പോഴും സുധാകരന്റെ പരാമർശങ്ങൾ ന്യൂനപക്ഷങ്ങളിൽ സൃഷ്ടിക്കുന്ന ആശങ്ക മുസ്ലിം ലീഗ് തിരിച്ചറിയുന്നുണ്ട്. സുധാകരനെതിരെ എം.കെ. മുനീർ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ ഉടൻ ശക്തമായ പ്രതികരണം നടത്തിയത് അതുകൊണ്ടാണ്. ആർ.എസ്.എസിനെക്കുറിച്ച് പറയുമ്പോൾ സുധാകരൻ ആവർത്തിക്കുന്ന 'നാക്കുപിഴ' മുസ്ലിം ലീഗിനെ ഇളക്കിമാറ്റി യു.ഡി.എഫിനെ കൂടുതൽ ദുർബലമാക്കുകയെന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മോഹത്തിന് നിറം പകരുന്നുമുണ്ട്. നെഹ്റുവിനെക്കുറിച്ച് സുധാകരൻ പറഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ രംഗത്തുവന്നതിന്റെ പശ്ചാത്തലം അതാണ്.
ഒരാഴ്ചക്കിടെ, രണ്ടുതവണയാണ് ആർ.എസ്.എസ് വിഷയത്തിൽ സുധാകരൻ പറഞ്ഞത് വിവാദമായത്. എതിർപക്ഷത്തിന് കാലുകുത്താൻ ഇടം ലഭിക്കാത്ത കണ്ണൂരിലെ 'പാർട്ടി ഗ്രാമങ്ങൾ' എന്ന യാഥാർഥ്യം വിശദീകരിക്കാനാണ് ആർ.എസ്.എസ് ശാഖക്ക് താൻ ഇടപെട്ട് സംരക്ഷണം നൽകിയ കാര്യങ്ങൾ സുധാകരൻ തുറന്നുപറഞ്ഞത്.
നെഹ്റുവിന്റെ വലിയ മനസ്സ് ഓർമിപ്പിക്കാനാണ് അദ്ദേഹം ആർ.എസ്.എസ് നേതാവ് ശ്യാംപ്രസാദ് മുഖർജിയെ സ്വന്തം മന്ത്രിസഭയിലെടുത്ത കാര്യം സുധാകരൻ അനുസ്മരിച്ചത്. താൻ ഉദ്ദേശിച്ചതല്ല, വാർത്തയായി മാറിയതെന്നാണ് സുധാകരൻ വിശദീകരിക്കുന്നത്. പ്രസംഗം മുഴുവൻ കേട്ടാൽ സുധാകരന്റെ വാദത്തിന് ബലമുണ്ട്. എന്നാൽ, സുധാകരൻ പറഞ്ഞതിൽ ഒറ്റനോട്ടത്തിൽ ആർ.എസ്.എസ് പ്രണയം ആരോപിക്കാവുന്നതാണ് എന്നതും വസ്തുതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.