തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ എം.എൽ.എ. ഷാജിയുടെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ വിമർശനം. വിശുദ്ധ ഖുർആന്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ തന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നുവെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അതെന്നും ജലീൽ പറഞ്ഞു.
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. "നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക" എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.