കോഴിക്കോട്: കോടഞ്ചേരിയിലെ ലവ് ജിഹാദ് വിഷയത്തിൽ മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ പ്രസ്താവന തള്ളിയും ക്രൈസ്തവ പുരോഹിതരെ വിമർശിച്ചും കെ.ടി. ജലീൽ എം.എൽ.എ. ഫേസ് ബുക്കിലാണ് മിശ്ര വിവാഹ വിഷയത്തിൽ ജലീലിന്റെ പ്രതികരണം. അവനവന്റെ പല്ലിൽ കുത്തി മറ്റുള്ളവർക്ക് വാസനിക്കാൻ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയിൽ നടന്ന സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ലൗജിഹാദ് അസംബന്ധം
മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതൻമാർക്കിത് എന്തുപറ്റി? നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പറയുന്നത്, മുൻപിൻ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആരുശ്രമിച്ചാലും അത്യന്തം ദൗർഭാഗ്യകരമാണ്.
രണ്ട് പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വഇഷ്ട പ്രകാരം വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയല്ല ജോയ്സ്ന. ഷെജിൻ ജോയ്സ്നയെ അവരുടെ സമതമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചിന് പ്രസക്തി ഉണ്ടായേനെ. അവനവൻ്റെ പല്ലിൽ കുത്തി മറ്റുള്ളവർക്ക് വാസനിക്കാൻ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയിൽ നടന്ന സംഭവങ്ങൾ.
രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹ തീരുമാനത്തെ അഖിലലോക പ്രശ്നമാക്കി അവതരിപ്പിക്കുന്ന ശൈലി ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. എത്രയോ മുസ്ലിം പെൺക്കുട്ടികൾ സഹോദര മതസ്ഥരായ പുരുഷൻമാരുമൊത്ത് സ്വന്തം ആഗ്രഹ പ്രകാരം വിവാഹത്തിലേർപ്പെട്ടിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അതൊക്കെ തീർത്തും വ്യക്തിപരമായ വിഷയമായാണ് ബന്ധപ്പെട്ടവർ കണ്ടത്. അങ്ങിനെ പരിമിതപ്പെടുത്തി നിരീക്ഷിക്കേണ്ട പ്രശ്നമാണ് അനാവശ്യമായി പർവ്വതീകരിക്കപ്പെട്ടത്. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദം തകർക്കാനുള്ള ആയുധമാക്കി ചില ക്ഷുദ്രജീവികൾ അതിനെ ഉപയോഗിച്ചു. ഇത്തരക്കാരുടെ അസുഖം വേറെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും.
ഷെജിൻ-ജോയ്സ്ന വിഷയത്തിൽ DYFI പുറത്തിറക്കിയ പത്രക്കുറിപ്പ് കേരളത്തിൻ്റെ മതനിരപേക്ഷ ബോധം പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ്. മുൻ എം.എൽ.എ ജോർജ് എം തോമസ് പ്രകടിച്ച അഭിപ്രായമാണ് പാർട്ടി നിലപാട് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. അദ്ദേഹം തന്നെ തൻ്റെ സംസാരത്തിൽ സംഭവിച്ച അബദ്ധം തിരുത്തി വ്യക്തത വരുത്തിയത് മറച്ചു വെച്ചുകൊണ്ടുള്ള കുപ്രചരണം സി.പി.ഐ എമ്മിനെ താറടിക്കാനാണ്. അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് സന്ദർഭോചിതം തടയിട്ട ഡിവൈഎഫ്ഐക്ക് ഹൃദയാഭിവാദ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.