തിരുവനന്തപുരം: കാൽനൂറ്റാണ്ടത്തെ സംഘടിത സ്ത്രീമുന്നേറ്റം അടയാളപ്പെടുത്തിയും സാമൂഹിക മാറ്റത്തിനുള്ള പുത്തൻ ആഹ്വാനങ്ങളേകിയും കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരുമക്കൊപ്പം ജാതി-മത വേർതിരിവുകൾക്ക് അതീതമായി ചിന്തിക്കാനും സഹകരിക്കാനും കഴിഞ്ഞതുകൊണ്ടുകൂടിയാണ് കുടുംബശ്രീക്ക് വിജയം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ ഐക്യവും സൗഹാർദ ചിന്തയും നിലനിൽക്കുന്ന നാടിന്റെ മുന്നേറ്റത്തിൽ കുടുംബശ്രീ അനിവാര്യമാണ്. ലോകത്തിന് മാതൃകയായ വനിത കൂട്ടായ്മയെന്നനിലയിൽ ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ് കുടുംബശ്രീയുടെ മുന്നേറ്റങ്ങൾ.
ദാരിദ്ര്യനിർമാർജനം എന്ന തുടക്കത്തിലെ ലക്ഷ്യം വിജയകരമായി നേടിയെടുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യനിർമാർജന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ ബഹുദൂരം മുന്നിലെത്തിക്കുന്നതിൽ കുടുംബശ്രീ സവിശേഷ പങ്കാണ് വഹിച്ചത്. സ്ത്രീകളെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനായാൽ സാമൂഹത്തിലെ ദരിദ്രാവസ്ഥയെ ഒരുപരിധിവരെ മുറിച്ചു കടക്കാനാകും. സംരംഭങ്ങളുമായി സ്ത്രീകളിറങ്ങിയപ്പോൾ നിരവധിപേർ സംശയം പ്രകടിപ്പിച്ചിരുന്നു. അന്നുയർന്ന ആശങ്കങ്ങൾ അസ്ഥാനത്തായിരുന്നെന്ന് കാലം തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ 25 വർഷങ്ങൾ ആധുനിക കേരളത്തിലെ സ്ത്രീ ജീവിതങ്ങളെ മാറ്റിത്തീർത്തതിന്റെ 25 വർഷങ്ങളാണെന്ന് അധ്യക്ഷതവഹിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ചടങ്ങിൽ പുതുക്കിയ കുടുംബശ്രീ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, മുൻ എം.പി സുഭാഷിണി അലി തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ, അധ്യക്ഷ സ്ഥാനത്ത് തദ്ദേശ മന്ത്രി എം.ബി. രാജേഷും. ഒപ്പം മന്ത്രിമാരുടെ നീണ്ടനിരയും. പതറാത്ത സ്വരത്തിൽ താളത്തിലും തഞ്ചത്തിലും 76 കാരിയായ വാസന്തി സ്വാഗതം പറഞ്ഞ് തുടങ്ങിയതോടെ സദസ്സിലാകെ നിർത്താതെ കൈയടി. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സ്വാഗതം പറയാൻ വാസന്തിക്ക് വഴിയൊരുങ്ങിയത് ഏറ്റവും മുതിർന്ന കുടുംബശ്രീ അംഗമെന്ന പരിഗണനയിലാണ്.
സ്വാഗതം പറയാൻ ക്ഷണിച്ചപ്പോൾതന്നെ കരഘോഷമുയർന്നു. സഭാകമ്പമോ പരിഭ്രമമോ ഇല്ലാതെ നിറഞ്ഞ ചിരിയോടെ വാസന്തി വേദിയിലേക്ക് നടന്നുകയറി. നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക്. അദ്ദേഹത്തെ ഹസ്തദാനം ചെയ്തശേഷം തിരിഞ്ഞുനടക്കാനൊരുങ്ങവെ എം.ബി. രാജേഷ് എഴുന്നേറ്റ് വാസന്തിയമ്മയെ ചേർത്തുനിർത്തി. പിന്നാലെ പ്രസംഗപീഠത്തിലേക്ക്.
‘‘പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ..’’എന്ന ആമുഖത്തോടെ ഉറച്ച വാക്കുകളിലെ സ്വാഗതമാശംസ സദസ്സ് ഒന്നടങ്കം ഏറ്റെടുത്തു. അടുക്കളയിൽ ഒതുങ്ങിക്കൂടിയിരുന്ന തങ്ങളെപ്പോലുള്ളവരെ പുറത്തെത്തിച്ചത് കുടുംബശ്രീയാണെന്ന് പറഞ്ഞതോടെ അതിഥികളുടെ വകയും കൈയടി. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വേദിയിലേക്കെത്തിയത് വാസന്തിയമ്മ കണ്ടിരുന്നില്ല. ആരോ പ്രതിപക്ഷ നേതാവിന്റെ കാര്യം ഓർമിപ്പിച്ചു. അബദ്ധം പറ്റിയെന്ന ഭാവത്തിൽ സതീശനിലേക്ക് തിരിഞ്ഞ് ‘‘അയ്യോ സാറേ, ഞാൻ കണ്ടില്ലായിരുന്നു...’’എന്ന നിഷ്കളങ്കമായ ക്ഷമാപണം. കൊല്ലം അഞ്ചാലുംമൂട് ജനത കുടുംബശ്രീയിലെ അംഗമാണ് വാസന്തി. ആദ്യകാലം മുതലുള്ള സംരംഭകയായ ഇവർ കച്ചിപ്പട നിർമാണത്തിലാണ് ഏർപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.