തിരുവനന്തപുരം: വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ കഴിയാതെ തിരക്കിട്ട് ഓഫിസിലേക്ക് ഓടിയെത്തുന്നവര്‍ക്ക് മുന്നില്‍ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും. ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാർക്കെത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്, പബ്ലിക് ഓഫിസ് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ് ‘പോക്കറ്റ്മാര്‍ട്ട്’ വഴി ഉച്ചയൂണിന് ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപക്കും ലഭ്യമാകും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നുരാവിലെ ഏഴുവരെ ഓര്‍ഡര്‍ ചെയ്യാം. രാവിലെ പത്തിനുള്ളില്‍ വിതരണത്തിന് തയറാകുന്ന പാഴ്സല്‍ ഉച്ചക്ക് 12ന് മുമ്പായി ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും.
ഉപഭോക്താവിന്റെ ഓഫിസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
പദ്ധതിക്കായി ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന കിച്ചണിലാണ് ഭക്ഷണം തയാറാക്കുന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴിവാക്കി പകരം സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക.
രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടുപോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക.
സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവര്‍ത്തനസ്ഥിരത കൈവരിക്കുന്ന മുറക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു.
കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് അഞ്ചിന് നടക്കും. രണ്ടു മാസത്തിനുശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനുശേഷം എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.