കമ്മ്യുണിറ്റി കോളജിലേക്കും അനുമതിയില്ലാതെ കുടുംബശ്രി ഫണ്ട് ഒഴുകുന്നു

പത്തനംതിട്ട: കുടുംബശ്രി കുടുംബത്തില്‍പ്പെട്ടവര്‍ക്ക് വികസന മേഖലയില്‍ ബിരുദാനന്തര ബിരുദ ഡിപ്ളോമ കോഴ്സ് നടത്തുന്നതിന്‍റ പേരിലും കുടുംബശ്രിയുടെ ഫണ്ടു ഒഴുകുന്നു. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി (ടിസ്) ചേര്‍ന്നാണ് ഒരു വര്‍ഷ പിജി ഡിപ്ളോമ കോഴ്സ് നടത്താന്‍ 2014ല്‍ ധാരണാപത്രം ഒപ്പിട്ടത്. എന്നാല്‍, ഇതിന് സര്‍ക്കാരും ദേശിയ ഗ്രാമീണ അതിജീവന ദൗത്യവും അനുമതി നല്‍കിയിട്ടില്ല.

ടിസ് മാനദണ്ഡ പ്രകാരമാണ് കോഴ്സിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതെങ്കിലും ഇതു സംബന്ധിച്ച് പല കാര്യങ്ങളിലും അവ്യക്തയുള്ളതായി  ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫീസ്, കോഴ്സ് ഘടന, കോളജിന്‍റ ആസ്ഥാനം, പ്രൊജക്ട്   എത്ര ചെലവ് വരും തുടങ്ങിയ കാര്യങ്ങളൊന്നും 2014 ആഗസ്തില്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ പറയുന്നില്ല. ആവശ്യമായ പണം, മാനവശേഷി, പശ്ചാത്തല സൗകര്യം എന്നിവയൊക്കെ കുടുംബശ്രി ഒരുക്കണമെന്നാണ് ധാരണാപത്രം.ദേശിയ അതിജീവന ദൗത്യത്തിന്‍റ ഫണ്ടാണ് ഉപയോഗിക്കുന്നതെങ്കിലും അനുമതി നല്‍കിയിട്ടില്ല.സംസ്ഥാന സര്‍ക്കാരും ഭരണാനുമതി നല്‍കിയിട്ടില്ല.ഒരു വിധ അനുമതിയുമില്ലാത്ത കമ്മ്യൂണിറ്റി കോളജില്‍ പക്ഷെ, വിദ്യാര്‍ഥികളുണ്ട്. 21നും 50നും ഇടക്ക് പ്രായമുള്ള പഠിതാക്കളാണുള്ളത്. തിരുവനന്തപുരം ലയോള കോളജിലാണ് കമ്മ്യൂണിറ്റി കോളജ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രി ഫണ്ടില്‍ നിന്നും വാഹനമടക്കം വാങ്ങിയിട്ടുണ്ട്. എത്ര തുക ഫീസിനത്തിലും മറ്റും നല്‍കിയെന്ന വിവരം ലഭ്യമല്ല. എട്ടു ആദിവാസി യുവതികളെ കോഴ്സില്‍ ചേര്‍ത്തതിന് പട്ടികവര്‍ഗ പദ്ധതി ഫണ്ടില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എട്ടു ലക്ഷം രൂപ വകമാറ്റിയത് വിവാദമായിരുന്നു. ഇതിനെയും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ടിസില്‍ നിന്നും നേരത്തെ കുടുംബശ്രിയില്‍ ഡപ്യുട്ടേഷനില്‍ എത്തിയ ഡോ.മഞ്ജുള ഭാരതിക്കാണ്  കമ്മ്യൂണിറ്റി കോളജിന്‍റ ചുമതല. ടിസ് ഫാക്കല്‍റ്റി അംഗമായ ഇവര്‍ക്ക് ഏങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രിയില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യാന്‍ കഴിയുകയെന്നതും തര്‍ക്ക വിഷയമാണ്. ഇതനുസരിച്ചെങ്കില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ഡപ്യൂട്ടേഷനില്‍ കുടുംബശ്രിയില്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍വീസ് സംഘടന നേതാക്കള്‍ പറയുന്നു.                                    

Tags:    
News Summary - kudumbasree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.