കൊച്ചി: മാനുഷികതയുടെ അടിസ്ഥാനസ്വഭാവം നന്മയാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരിൽ പ്രഫ. കെ.വി. തോമസുമുണ്ട്. സ്നേഹവും കാരുണ്യവും നിറഞ്ഞ ലോകത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ലീഡർ കെ. കരുണാകരെൻറ പരിലാളനയേറ്റ് വളർന്ന് കേന്ദ്രമന്ത്രി വരെയായ നേതാവ്.
1984 ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.വി. തോമസിനെ എറണാകുളത്ത് സ്ഥാനാർഥിയാക്കിയത് ലീഡറാണ്. അന്ന് സേവ്യർ അറയ്ക്കലാണ് സിറ്റിങ് എം.പി. സാധാരണ സിറ്റിങ് എം.പിമാരെ മാറ്റാറില്ല. സ്ഥാനാർഥി പട്ടിക കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം മരതഗം ചന്ദ്രശേഖർക്ക് വിട്ടു.
തെൻറ കാര്യം പറഞ്ഞിട്ടുണ്ടെന്ന് കെ.വി. തോമസിനോട് പറയുകയും ചെയ്തു. ഇതറിഞ്ഞ വരാപ്പുഴ ആർച്ച് ബിഷപ് കേളന്തറ കരുണാകരനെ വിളിച്ച്, സേവ്യർ തന്നെ മത്സരിച്ചാൽ മതിയെന്ന് നിർദേശിച്ചു. ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പള്ളിക്കാരല്ല, പാർട്ടിയാ എന്നായിരുന്നു കരുണാകരെൻറ നിലപാട്. അങ്ങനെ കെ.വി. തോമസ് ആദ്യമായി സ്ഥാനാർഥിയായി.
തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ കുമ്പളങ്ങിയിലെ അനുഭവങ്ങളാണ് തോമസിെൻറ ഓർമയിൽ തെളിയുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും പ്രചാരണം അവസാനിച്ചിരുന്നത് കുമ്പളങ്ങിയിലാണ്. തെക്കേ കടത്ത് കടന്ന് വടക്കോട്ട് പ്രവർത്തകർ ജാഥയായി വരും. രാഷ്ട്രീയമൊന്നുമില്ലാതെ എല്ലാവരും കൂടി സ്ഥാനാർഥിയെ തോളിലേറ്റിയാണ് സഞ്ചാരം.
വലിയ ആരവത്തോടെയാണ് ആ യാത്ര. വടക്കേ കടത്ത് കടവിൽ ജാഥ വന്നപ്പോൾ വളരെ അധികം ജനങ്ങൾ എത്തി. നമ്മൾ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ ജനങ്ങൾ പറഞ്ഞു. അത് പറഞ്ഞ് കുമ്പളങ്ങിക്കാരുടെ ആവേശം തലതല്ലി.
ആ അനുഭവം പിന്നീടുള്ള ആറു തെരഞ്ഞെടുപ്പിലും ഉണ്ടായി. 2014ലെ തെരഞ്ഞെടുപ്പുവരെ അത് ആവർത്തിച്ചു. താൻ കുമ്പളങ്ങിക്കാരനാണെന്നൊരു വികാരം ജനങ്ങൾക്കുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിൽ ശക്തനായ എതിരാളി ആരായിരുന്നു എന്ന് ചോദിച്ചാൽ കൊച്ചുണ്ണി മാഷാണെന്ന് നിസ്സംശയം പറയാം. അദ്ദേഹം അടിസ്ഥാനപരമായി കോൺഗ്രസുകാരനായിരുന്നു. കൊച്ചുണ്ണി മാഷിെൻറ മനസ്സിൽ കോൺഗ്രസിെൻറ രക്തമുണ്ടായിരുന്നു.
പ്രചാരണ സമയത്ത് തുറന്ന ജീപ്പിൽ രണ്ടു സ്ഥാനാർഥികളും ഇടപ്പള്ളിയിൽ വന്നപ്പോൾ താൻ പറഞ്ഞു. മാഷ് ആദ്യം പ്രസംഗിക്കട്ടെയെന്ന്. അങ്ങനെ അദ്ദേഹം സംസാരിച്ചു തുടങ്ങി. പ്രസംഗത്തിെൻറ അവസാനം ''അങ്ങനെ.... വരുന്ന തെരഞ്ഞെടുപ്പിൽ.......കൈപ്പത്തി അടയാളത്തിൽ വോട്ട് ..'' ഇത്രയും പറഞ്ഞ് കൊച്ചുണ്ണി മാഷ് നിർത്തി. മാഷിെൻറ ഉള്ളിെൻറയുള്ളിലെ കോൺഗ്രസുകാരനാണ് അത് പറഞ്ഞത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞും ആ ബന്ധം ശക്തമായി നിലനിന്നു. മാഷ് മരിക്കുമ്പോളും താൻ കൂടെയുണ്ട്. ആശുപത്രിയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. അന്ന് ഒരു ലക്ഷത്തിന് അടുത്ത് ഭൂരിപക്ഷമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.