കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്‍റെ സസ്‍പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍റെ സസ്‍പെൻഷൻ പിൻവലിച്ചു. അതേസമയം, അദ്ദേഹത്തെ സ്ഥലംമാറ്റി ബീച്ച് ആശുപത്രി സൂപ്രണ്ടായി നിയമിച്ചു. പകരം ബീച്ച് ആശുപത്രി സൂപ്രണ്ട് എൻ. രാജേന്ദ്രനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടാക്കി. ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രിയുടെ ഓഫിസാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട രോഗി ബൈക്കിടിച്ച് മരിച്ച സംഭവത്തിലാണ് ഡോ. കെ.സി. രമേശനെ ഈ മാസം രണ്ടിന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് നടപടിയെന്ന് ആരോപിച്ച് കെ.ജി.എം.ഒ.എ സമരം നടത്തിയിരുന്നു. 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൽനിന്ന് മാനസികാസ്വാസ്ഥ്യമുള്ള പ്രതി ചാടിപ്പോയതിന് സുരക്ഷ ഡ്യൂട്ടിയിലുള്ള പൊലീസുകാരും ഉത്തരവാദികളാണെന്നും ചികിത്സ കേന്ദ്രത്തിൽ സുരക്ഷ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടർമാരുടെ സമരം.

ഇതേ തുടർന്ന് കെ.ജി.എം.ഒ.എ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി വീണ ജോർജ് ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നൽകി. ഇത് മന്ത്രിയുടെ ഓഫിസിന് കൈമാറിയതിനെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്.

Tags:    
News Summary - Kuthiravattom mental health center superintendent's suspension lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.