കുട്ടനാട്: മൂന്നുമാസമായി നെല്ലുവില കിട്ടാത്തതിനെത്തുടർന്ന് കുട്ടനാട്ടിലെ കർഷകർ പ്രതിഷേധവുമായി രംഗത്ത്.സെക്രട്ടേറിയറ്റ് നടയിൽ സമരപരിപാടികൾ ആവിഷ്കരിക്കാൻ കർഷക സംഘടനകൾ പദ്ധതിയിടുന്നുണ്ട്. ചില സംഘടനകൾ സമരംപ്രഖ്യാപിക്കുകയും ചെയ്തു. പ്രാദേശികമായി പാഡി ഓഫിസ് മാർച്ച് അടക്കം സമരമുറകൾ കർഷകർ അവലംബിച്ചിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് സമരം തലസ്ഥാനത്തേക്കു വ്യാപിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്.
നെല്ലെടുത്തവകയിൽ 280 കോടിയാണ് ജില്ലയിലെ കർഷകർക്കു കിട്ടാനുള്ളത്.സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ 700 കോടി കടമെടുക്കാൻ സപ്ലൈകോക്ക് അനുമതി ലഭിച്ചിരുന്നു. ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് പണം കടമെടുക്കാൻ ധനവകുപ്പാണ് അനുമതി നൽകിയത്. ഇതുവരെ പണം കർഷകരുടെ കൈകളിലെത്തിയിട്ടില്ല.
സപ്ലൈകോ ഇക്കാര്യത്തിൽ പ്രതികരിക്കുന്നുമില്ല. അതിനിടെ രണ്ടാംകൃഷിക്ക് ഒരുങ്ങുന്ന പാടങ്ങൾക്കു ഭീഷണിയായി മടവീഴ്ചയും തുടങ്ങി. ദുർബലമായ പുറംബണ്ടുകൾ മടവീഴ്ചക്ക് ആക്കം കൂട്ടുമെന്ന ഭീതിയിലാണ് കർഷകർ. ഇതോടെയാണ് തലസ്ഥാനത്ത് സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കർഷകർ നിർബന്ധിതരായിരിക്കുന്നത്.
നെല്ലുവില അടിയന്തരമായി നൽകിയില്ലെങ്കിൽ സമരം കലക്ടറേറ്റിന് മുന്നിലേക്കും സെക്രട്ടേറിയറ്റ് പടിക്കലേക്കും വ്യാപിപ്പിക്കുമെന്ന് കർഷക രക്ഷാസമിതി പറഞ്ഞു. പൂർണമായി ലഭിച്ച കേന്ദ്ര വിഹിതം പോലും വകമാറ്റിച്ചെലവഴിച്ച സംസ്ഥാന സർക്കാർ 1.72 രൂപ വെട്ടിക്കുറച്ചാണു വില നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.