തിരുവല്ല: സി.പി.എം ഭരിക്കുന്ന കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തെങ്ങേലി ശാഖയില്‍നിന്നും 42 ലക്ഷത്തിന്റെ പണയസ്വര്‍ണം കാണാനില്ലെന്ന് സഹകരണ വകുപ്പ് ഓഡിറ്റില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ സഹകരണ വകുപ്പ് ജീവനക്കാര്‍ക്ക് വിലക്കെന്ന് ആക്ഷേപമുണ്ട്. സി.പി.എം ജില്ല സെക്രട്ടറിയുടെ വിലക്കാണ് ജീവനക്കാര്‍ക്കുള്ളത് എന്നാണ് ആരോപണം.
തട്ടിപ്പ് പുറത്ത് വന്നത് സഹകരണ വകുപ്പിന്റെ ഓഡിറ്റിലാണെന്നും അതല്ല, പണയം വച്ചവര്‍ തിരികെ എടുക്കാനെത്തിയപ്പോഴാണെന്നും പറയുന്നുണ്ട്. സഹകരണ വകുപ്പ് തിരുവല്ല താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരമാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഭരണ സമിതി യോഗം ചേര്‍ന്ന് ജീവനക്കാരി അമൃതയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷനിലായ ജീവനക്കാരിക്കെതിരേ മുന്‍പും പരാതിയുള്ളതായി പറയുന്നു.
ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ജീവനക്കാരില്‍ മറ്റു ചിലരുടെ അറിവോടെ ജീവനക്കാരി മറ്റേതോ ബാങ്കില്‍ മറിച്ചുപണയം വെച്ചുവെന്നാണ് സംശയം. ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ തിരുവല്ല എ.ആറിനെ സമീപിച്ചെങ്കിലും അങ്ങനെ ഒരു സംഭവം ഇല്ലെന്നാണ് പറഞ്ഞത്.
ജീവനക്കാരിക്ക് പണയസ്വര്‍ണം തിരികെ എത്തിക്കാന്‍ ഇന്ന് വരെ പാര്‍ട്ടി നേതൃത്വം സമയം അനുവദിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഇതിനിടെ ചില സഹകാരികള്‍ പണയ സ്വര്‍ണം തിരികെ തരുന്നില്ലെന്ന് പൊലീസിന് പരാതി നല്‍കാനും ഒരുങ്ങി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പൊലീസ് കേസാകുന്നത് പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുമെന്നതിനാല്‍ അത് തടയാനുള്ള നീക്കത്തിലാണ് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.