തിരൂർ: കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിലൂടെ തിരൂരിന് നഷ്ടമായത് വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യത്തെ. മൂന്ന് പതിറ്റാണ്ട് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിന്റെ അമരക്കാരനായിരുന്നു. 1995 മുതൽ കോളജിന്റെ ഗവേണിങ് ബോഡി ചെയർമാനായിരുന്നു.
പിതാവ് പോളിടെക്നിക്കിന് വേണ്ടി നൽകിയ സ്ഥലത്താണ് സ്ഥാപനം നിർമിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. പോളിടെക്നിക്കിന്റെ വളർച്ചയിൽ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഈയിടെയാണ് സ്ഥാപനത്തിന് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്. ബ്രാഞ്ചുകൾക്ക് ഒന്നിച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ സമഗ്ര വികസനത്തിന് കൈയൊപ്പ് ചാർത്തിയാണ് അദ്ദേഹം വിടപറഞ്ഞത്.
ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നാമധേയത്തിൽ ഓഡിറ്റോറിയം, ഓട്ടോമൊബൈൽ ബ്ലോക്ക് എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശ്രമഫലമായാണ് യാഥാർഥ്യമായത്. 60 വർഷം പഴക്കമുള്ള പോളിടെക്നിക്കിന്റെ പ്രധാന കെട്ടിടത്തിന്റെ തൊട്ടുപിന്നിലായി കോടികൾ മുടക്കി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.