കോട്ടയം: ക്രൈസ്തവ സഭകളിലേക്ക് പാലമിടാനുള്ള ബി.ജെ.പി ശ്രമത്തിനിടെ, കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് ചങ്ങനാശ്ശേരി അതിരൂപത. അതിരൂപതയുടെ കുടുംബ പ്രസിദ്ധീകരണമായ കുടുംബജ്യോതി മാഗസിനിൽ മണിപ്പൂർ, ഏക സിവിൽ കോഡ് വിഷയങ്ങളിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു. ന്യൂനപക്ഷ വേട്ടയും ഹിന്ദുത്വ അജണ്ടകളും വിവരിക്കുന്ന ലേഖനങ്ങൾക്കൊപ്പം എം.എൻ. കാരശ്ശേരിയുമായുള്ള അഭിമുഖവും ബുധനാഴ്ച പുറത്തിറങ്ങുന്ന ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവർത്തകരുമായ ജോസഫ് സി. മാത്യു, ചെറുകര സണ്ണി ലൂക്കോസ്, വിനോദ് കെ. ജോസ്, ടി.സി. മാത്യു എന്നിവരുടെ ലേഖനങ്ങളുമുണ്ട്.
ഇന്ത്യയുടെ മതേതര ആത്മാവ് ചേർന്നുപോകുമോയെന്ന ഭയം അനുദിനം ബലപ്പെടുന്നതായി ജോസഫ് സി. മാത്യുവിന്റെ ലേഖനത്തിൽ പറയുന്നു. ആദ്യം തെരുവിൽ അഴിഞ്ഞാടുന്ന ആൾക്കൂട്ട വെറിയന്മാർ, പിറകെ നമ്മൾ അധികാരത്തിലേറ്റിയ ഭരണകൂടം... അതുകൂടാതെ കോടതികളും ഈ സംശയം വർധിപ്പിക്കുകയാണ്- അദ്ദേഹം പറയുന്നു.
ഹിന്ദുഭൂരിപക്ഷ വാദത്തിൽ വിശ്വസിക്കുകയും ഹിന്ദു രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നവരും സദുദ്ദേശ്യത്തോടെയല്ല, പൊതു സിവിൽ നിയമത്തിന് ഒരുങ്ങുതെന്ന് ന്യൂനപക്ഷങ്ങളും ഹിന്ദു സമുദായത്തിലെ വിശാല വീക്ഷണക്കാരും മനസ്സിലാക്കുന്നുണ്ടെന്ന് ടി.സി. മാത്യു എഴുതിയ ലേഖനത്തിൽ പറയുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബി.ജെ.പി കളിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിംകൾക്ക് എതിരായി ഹിന്ദുവികാരം ഉയർത്തി തെരഞ്ഞെടുപ്പ് ജയിക്കണമെന്നതാണ് അവരുടെ ആവശ്യം- ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ മതസ്വാതന്ത്ര്യത്തിൽ, പ്രത്യേകിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ കാര്യത്തിൽ പിന്നിലേക്ക് പോകുന്നുവെന്നാണ് രാജ്യാന്തര ഇൻഡക്സുകൾ സൂചിപ്പിക്കുന്നതെന്ന് പറയുന്ന വിനോദ് കെ. ജോസ്, ഇതിനെതിരെ ഒരുമിച്ചുള്ള ചെറുത്തുനിൽപാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു. വിവിധ തരത്തിൽ പീഡിപ്പിക്കപ്പെടുന്ന കൂട്ടങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് ഭരണകൂടം ഇത്തരം ചെറുത്തുനിൽപുകളെ പ്രതിരോധിക്കാൻ ശ്രമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ക്രൈസ്തവ വോട്ടർമാരും മുസ്ലിം വോട്ടർമാരും ഒരേമനസ്സോടെ വോട്ട് രേഖപ്പെടുത്തിയപ്പോൾ നഷ്ടം നേരിട്ടവർ, ഇരുസമുദായങ്ങളെയും തമ്മിലകറ്റാൻ മാസങ്ങൾക്കുള്ളിൽതന്നെ ആസൂത്രിതമായി തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നതായി ചെറുകര സണ്ണി ലൂക്കോസ് തന്റെ ലേഖനത്തിൽ പറയുന്നു. അത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ജാഗ്രത വേണം.
സിറോ മലബാർ സഭയിലെ പ്രധാന അതിരൂപതകളിലൊന്നാണ് ചങ്ങനാശ്ശേരി. ഇവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് സഭ നേതൃത്വവും ഗൗരവത്തോടെയാണ് കണക്കിലെടുക്കുന്നത്. സഭയുടെ പൊതുനിലപാടുകളിൽ രൂപതയുടെ അഭിപ്രായങ്ങൾക്ക് ഏറെ പ്രധാന്യവുമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഫാ. ഡോ. ജോസ് ജോർജ് ചീഫ് എഡിറ്ററായ മാഗസിന്റെ പത്രാധിപ സമിതിയിൽ ബിഷപ്പുമാരായ മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവരും അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.