പുനലൂർ: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തിൽ മരിച്ച പുനലൂർ നരിക്കൽ വാഴവിള സാജൻ വില്ലയിൽ സാജൻ ജോർജിന് കണ്ണീരോടെ നാട് വിടചൊല്ലി. വെള്ളിയാഴ്ച വൈകീട്ട് നാട്ടിലെത്തിച്ച് പുനലൂരിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച രാവിലെ പത്തോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. പൊലീസ് അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം സാജൻ വില്ലയിലെത്തിച്ചു.
നിറകണ്ണുകളോടെ കാത്തുനിന്നവർ മൃതദേഹം എത്തിയതോടെ പൊട്ടിക്കരഞ്ഞു. ദുഃഖത്താൽ നിയന്ത്രണംവിട്ട മാതാപിതാക്കളായ വത്സമ്മയെയും ജോർജ് പോത്തനെയും സഹോദരി ആൻസിയെയും ആശ്വസിപ്പിക്കാൻ എല്ലാവരും പാടുപെട്ടു. സംസ്ഥാന സർക്കാറിന് വേണ്ടി കലക്ടർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.എസ്. സുപാൽ എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. പ്രവാസികളുടെ അടക്കം നിരവധി സംഘടനകൾ പുഷ്പചക്രം സമർപ്പിച്ചു.
മൃതദേഹം ഒരുനോക്ക് കാണാൻ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് ആളുകളെത്തിയിരുന്നു. ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12.30ഓടെ മൃതദേഹം നരിക്കൽ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിലെത്തിച്ചു. സംസ്കാര ചടങ്ങിനും നിരവധിയാളുകൾ പള്ളിയിൽ തടിച്ചുകൂടി. ശുശ്രൂഷ ചടങ്ങിന് മാർത്തോമ സഭ കൊട്ടാരക്കര- പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോ എപ്പിസ്കോപ്പ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.