കോടതി വിലക്ക്: പുതിയ വാദം പരിഹാസ്യം –കെ.യു.ഡബ്ള്യു.ജെ

കൊച്ചി: ഹൈകോടതിയുടെ വജ്രജൂബിലി വിശദമായി റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടാണ് എറണാകുളം സെഷന്‍സ് കോടതിയില്‍  റിപ്പോര്‍ട്ടര്‍മാരെ തടഞ്ഞത് എന്ന ചില മുതിര്‍ന്ന അഭിഭാഷകരുടെ വാദം പരിഹാസ്യമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അഭിപ്രായപ്പെട്ടു. ഹൈകോടതിയില്‍ മൂന്നുമാസത്തിലേറെയായി മാധ്യമ പ്രവര്‍ത്തകരെ കയറാന്‍ അനുവദിച്ചിട്ടില്ല.

രജിസ്ട്രാറും ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടും മാധ്യമ വിലക്ക് നീക്കാന്‍ കുറച്ച് അഭിഭാഷകര്‍ തയാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്‍െറ അഭ്യര്‍ഥന മാനിച്ച് സെപ്റ്റംബര്‍ 30ന് കോടതിയിലത്തെിയ മാധ്യമ പ്രവര്‍ത്തകരെയും കൈയേറ്റം ചെയ്തു.  പൊലീസ് സംരക്ഷണത്തിലാണ് റിപ്പോര്‍ട്ടര്‍മാര്‍ ഹൈകോടതിക്ക് പുറത്തുകടന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും ഏതാനും ദിവസം മുമ്പ് ഇതുതന്നെ സംഭവിച്ചു. മാധ്യമങ്ങളെ ഈ രീതിയില്‍ വിലക്കിയ സ്ഥലത്ത് നടത്തുന്ന പരിപാടിക്ക് പോകാത്തതിന് മുതിര്‍ന്ന അഭിഭാഷകര്‍ പഴിക്കേണ്ടത് സ്വന്തം സഹപ്രവര്‍ത്തകര്‍ക്കിടയിലെ യുക്തി ബോധമില്ലാത്തവരെയാണ്.

യഥാര്‍ഥ വാര്‍ത്തകളൊന്നും മൂന്നര മാസമായി കോടതികളില്‍നിന്ന് പുറത്തുവരാതെ നോക്കുന്ന അഭിഭാഷകരാണോ അതോ ന്യായാധിപരുടെയും മുഖ്യമന്ത്രിയുടെയും രജിസ്ട്രാറുടെയുമൊക്കെ അഭ്യര്‍ഥന മാനിച്ച് കോടതിയില്‍ വരുകയും അപമാനിതരായി മടങ്ങുകയും ചെയ്യേണ്ടിവന്ന മാധ്യമ പ്രവര്‍ത്തകരാണോ നിലവിലെ സ്ഥിതിക്ക് ഉത്തരവാദികളെന്ന് ചിന്തിക്കണം. സ്വന്തം റിസ്കില്‍ എല്ലാ മാധ്യമങ്ങളും ഹൈകോടതി വജ്രജൂബിലി വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ച കാര്യവും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

അഭിഭാഷകര്‍ക്കെതിരെ നടപടി വേണം
ജിഷ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ മഞ്ജു കുട്ടികൃഷ്ണന്‍, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥന്‍, സുപ്രഭാതം റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദി, ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സലാം പി. ഹൈദ്രോസ്, മംഗളം റിപ്പോര്‍ട്ടര്‍ മിഥുന്‍ പുല്ലുവഴി എന്നിവരെ അസഭ്യവര്‍ഷത്തോടെ കോടതി മുറിയില്‍നിന്ന് ഇറക്കിവിട്ടതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ഇതുസംബന്ധിച്ച പരാതി നല്‍കാനത്തെിയ മാധ്യമ പ്രവര്‍ത്തകരെ ജഡ്ജിയുടെ ചേംബര്‍ ഉപരോധിച്ച് തിരിച്ചയക്കുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ കയറ്റാതെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സിലും നിയമനടപടി സ്വീകരിക്കാന്‍ പൊലീസും തയാറാകണം.

Tags:    
News Summary - kuwj media ban in courts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.