വൈത്തിരി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ബി.വി.എസ്.സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർവകലാശാല വിദ്യാർഥികളായ ആറ് പേരെ കൽപ്പറ്റ ഡിവൈ.എസ്‍.പി അറസ്റ്റ് ചെയ്തു. നേരത്തെ കേസ് ചാർജ്ജ് ചെയ്യപ്പെട്ട 12 പേരിൽ പെടാത്തവരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോൺസ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ.ഡി (23) എന്നിവരെയാണ് കൽപ്പറ്റ ഡിവൈ.എസ്‍.പി ടി.എൻ. സജീവൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. എല്ലാവരും എസ്.എഫ്.ഐ പ്രവർത്തകരാണ്.
ചോദ്യം ചെയ്യാൻ വേണ്ടി സ്റ്റേഷനിലേക്ക് വിളിപ്പിച്ച എട്ടുപേരിൽ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 306, 323, 324, 341, 342 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഇതിൽ അന്യായമായി തടഞ്ഞുവെക്കൽ, അടിച്ചു പരിക്കേൽപിക്കൽ, റാഗിങ്ങ്, ആത്മഹത്യ പ്രേരണ എന്നിവയും ഉൾപ്പെടും.
സിദ്ധാർത്ഥന്‍റെ മരണത്തെ തുടർന്ന് കോളജിൽ നിന്നും നേരത്തെ 12 പേരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കോളജ് യൂണിയൻ പ്രസിഡന്‍റും എസ്.എഫ്.ഐ സെക്രട്ടറിയും ഇതിലുൾപ്പെടുന്നു. പ്രതികൾ എല്ലാവരും ഒളിവിലാണ്. ഇവരെ സി.പി.എം സംരക്ഷിക്കുകയാണെന്ന് സിദ്ധാർത്ഥന്‍റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് ബുധനാഴ്ച വൈകീട്ട് ഏഴോടെ ആറ് പേരെ അറസ്റ്റ് ചെയ്തത്. മൊത്തം ഇരുപതിലധികം പേരാണ് സിദ്ധാർത്ഥനെ പീഡിപ്പിച്ചത്. ഇതിൽ 12 പേരെ നേരത്തെ തിരിച്ചറിയുകയും കോളജിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആന്‍റി റാഗിങ്ങ് നിയമപ്രകാരം ഇവരുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെയാണ് ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാരോപിച്ച് സിദ്ധാർഥന്‍റെ മാതാപിതാക്കളും രംഗത്തുവന്നു. മൃതദേഹത്തിൽ മർദനമേറ്റതിന്‍റെ നിരവധി പാടുകളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.