കെ.വിദ്യയുടെ പി.എച്ച്.ഡി സെലക്ഷൻ കമ്മറ്റിയും പ്രവേശനവും ചട്ടവിരുദ്ധമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം : മഹാരാജാസ് കോളജിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ എസ്.എഫ്.ഐ മുൻ വനിത നേതാവ് കെ.വിദ്യക്ക് സംസ്കൃത സർവകലാശാലയിൽ പി.എച്ച്.ഡിക്ക് പ്രവേശനം നൽകിയത് ചട്ടവിരുദ്ധമായിട്ടാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. പട്ടികജാതി വിഭാഗത്തെ ഒഴിവാക്കിയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും ചട്ടവിരുദ്ധമായി സെലക്ഷൻ കമ്മിറ്റി കൂടിയതെന്നും കമ്മിറ്റി അറിയിച്ചു.

പി.എച്ച്.ഡി റെഗുലേഷൻ പ്രകാരം സെലെക്ഷൻ കമ്മിറ്റിയിൽ അതത് വിഷയത്തിലെ ഗവേണ ഗൈഡുകളെ കൂടാതെ മറ്റു വിഷയങ്ങളിൽ നിന്നുള്ള രണ്ടുപേർ കൂടി അംഗങ്ങളായി നിർബന്ധമായും ഉണ്ടാകണം. സെലക്ഷൻ കമ്മിറ്റിയ്ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാറത്തിൽ പോലും മറ്റു വിഷയങ്ങളിലെ ഒരു പ്രതിനിധി നിർബന്ധമായും പങ്കെടുത്തിരിക്കണണെന്നും വ്യവസ്‌ഥയുണ്ട്. എന്നാൽ, തങ്ങൾക്ക് താല്പര്യമുള്ളവർക്ക് മാത്രമായി പി.എച്ച്.ഡി പ്രവേശന നൽകുന്നതിന് ചട്ട വിരുദ്ധമായി പുറമെ നിന്നുള്ള ഗൈഡുമാരായ അധ്യാപകരെ ഒഴിവാക്കിയാണ് സെലക്ഷൻ കമ്മിറ്റി കൂടിയത്.

മലയാളം വകുപ്പ് മേധാവിയായ വി.എ വത്സലന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ,വിദ്യയുടെ ഗൈഡായ ബിച്ചു. എക്സ് മലയിൽ. സുനിൽ പി ഇളയിടം, ഇപ്പോൾ മലയാളം സർവകലാശാല വി.സിയായി നിയമിച്ചിരിക്കുന്ന എൽ.സൂഷമ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാകേഷിന്റെ ഭാര്യയുടെ നിയമനത്തിന്റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായിരുന്ന ലിസി മാത്യു, ഷംഷാദ് ഹുസൈൻ തുടങ്ങിയവർ അംഗങ്ങളായിരുന്നു.

മലയാളവിഭാഗം പി.എച്ച്.ഡി പ്രവേശനത്തിന് 10 സീറ്റുകൾ ആയിരുന്നു വിജ്ഞാപനം ചെയ്തിരുന്നത്. അതനുസരിച്ച് കമ്മിറ്റി ഗവേഷകരെ തെരഞ്ഞെടുത്തിരുന്നു. ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ കെ. വിദ്യ ഉൾപ്പെടാത്തതിനാൽ അനുവദിക്കപ്പെട്ട 10 സീറ്റുകൾക്ക് പുറമേ അഞ്ചുപേർക്ക് കൂടി പ്രവേശനത്തിനുള്ള അംഗീകാരം നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അന്നത്തെ വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട് അത് അംഗീകരിച്ചു.

അഞ്ച് സീറ്റ് വർധിപ്പിക്കുമ്പോൾ അവസാനത്തെ സീറ്റ് പട്ടികജാതി വിഭാഗത്തിന് നീക്കിവെക്കേണ്ടതാണെന്ന് യൂനിവേഴ്സിറ്റി എസ്.സി-എസ്.ടി സെക്ഷന്റെ ശുപാർശ തള്ളികളഞ്ഞ വി.സി ധമരാജ് അടാട്ട്,കെ. വിദ്യയ്ക്ക്  ബിച്ചു എക്സ്. മലയിലിന്റെ കീഴിൽ പി.എച്ച്.ഡി ക്ക് പ്രവേശനം നൽകുകയായിരുന്നു. ചട്ടവിരുദ്ധമായി നടത്തിയ വിദ്യയുടെ ഉൾപ്പടെ മലയാളം വകുപ്പിലെ സെലക്ഷൻ റദ്ദാക്കണമെന്നും പട്ടിക ജാതി സംവരണം അട്ടിമറിച്ച ധർമ്മരാജ് അഡാട്ടിനെതിരെ ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Tags:    
News Summary - K.Vidya's PhD selection committee and admission are illegal, says Save University Campaign Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.