കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസർ (എൻവയൺമൻെറൽ എൻജിനീയർ) പന്തളം മങ്ങാരം മദീനയിൽ എ.എം. ഹാരിസിന്‍റെ ആലുവയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 17 ലക്ഷത്തോളം രൂപ കണ്ടെത്തി. അടുക്കളയിൽ കുക്കറിലും അരിക്കലത്തിലുമായി 50,000ത്തിന്‍റെ കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഫ്ലാറ്റിന് 80 ലക്ഷം മൂല്യം വരും. പത്തിലേറെ വിദേശരാജ്യങ്ങളിൽ ഇയാൾ സന്ദർശനം നടത്തിയതായി രേഖകൾ ലഭിച്ചു. വിജിലൻസ് പരിശോധന രാത്രി 12 വരെ തുടർന്നു.
പാലാ പ്രവിത്താനത്തെ ടയർ റീട്രേഡിങ് സ്ഥാപനത്തിന് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി പുതുക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് ഇയാളെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്. നേരത്തേ വിജിലൻസിൽ വിവരം നൽകിയതിനുശേഷം സ്ഥാപന ഉടമ ജോബിൻ സെബാസ്റ്റ്യൻ പണം കൈമാറുകയായിരുന്നു.
ശബ്ദമലിനീകരണമുണ്ടെന്ന് കാട്ടി സ്ഥാപനത്തിനെതിരെ അയൽവാസി മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. റീട്രേഡിങ്ങിനുള്ള മെഷിനറികളുടെ ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. ഇതോടെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൻെറ ലൈസൻസ് തടഞ്ഞു. പിന്നാലെ പരിശോധന നടത്തി പരാതിയിൽ കഴമ്പുണ്ടോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജോബിൻ ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ, അനുകൂലനിലപാടുണ്ടായില്ല. ഇതോടെ ഇയാൾ ഹൈകോടതിയെ സമീപിക്കുകയും പരിശോധന നടത്താൻ കോടതി നിർദേശിക്കുകയും ചെയ്തു.
തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും സ്ഥാപനത്തിന് ലൈസൻസ് പുതുക്കി കൊടുത്തില്ല. രണ്ടുമാസംമുമ്പ് വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ അദാലത്തിൽ കമ്പനിയുടമ പരാതി നൽകിയതിനെതുടർന്ന് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ വീണ്ടും ഹാരിസിനെ കണ്ടപ്പോൾ 25,000 രൂപ തന്നാൽ ലൈസൻസ് നൽകാമെന്ന് അറിയിച്ചതായും ഇതോടെ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയുമായിരുന്നുെവന്ന് ജോബിൻ സെബാസ്റ്റ്യൻ പറയുന്നു.
വിജിലൻസിന്റെ നിർദേശമനുസരിച്ച് ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ ബുധനാഴ്ച രാവിലെ 11ന് ഓഫിസിലെത്തി ജോബിൻ കൈമാറി. ഇതിനിെട സമീപത്തുണ്ടായിരുന്നു വിജിലൻസ് സംഘം ഹാരിസിനെ പിടികൂടുകയായിരുന്നു. തുടർന്നാണ് ഫ്ലാറ്റിലും പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.