കൊച്ചി: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ കവരത്തി ഒഴികെ ദ്വീപുകളിൽ പ്രൈമറി ക്ലാസുകളിലും പഠനം പുനരാരംഭിച്ചു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏക പ്രദേശമാണ് കേന്ദ്ര ഭരണമേഖലയായ ലക്ഷദ്വീപ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ കോവിഡ് കേസ് പട്ടികയിലും ലക്ഷദ്വീപ് ഇടം പിടിച്ചിട്ടില്ല. എല്ലാ ദ്വീപിലും ആറ് മുതൽ 12 വരെ ക്ലാസുകളിൽ കഴിഞ്ഞ മാസം പഠനം തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് അധ്യയനം.
രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പഠനം. എല്ലാ പ്രവൃത്തി ദിനങ്ങളിലും ഒമ്പത്, 11 ക്ലാസുകലെ വിദ്യാർഥികൾക്ക് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും പത്ത്, 12 ക്ലാസുകാർക്ക് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെയും ക്ലാസ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഓരോ ക്ലാസിനും നാല് പീരിയഡ് വീതമാണ് ക്രമീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിലും ദേശീയ അവധി ദിനങ്ങളിലും മാത്രമായിരിക്കും സ്കൂളിന് ഒഴിവ്. അക്കാദമിക് കലണ്ടറിലെ മറ്റെല്ലാ അവധികളും റദ്ദാക്കി.
സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യില്ല, എന്നാൽ, വിദ്യാർഥികൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നത് തുടരും. നഴ്സറി ക്ലാസുകളിലെ പഠനം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും തെർമൽ സ്കാനിങിന് ശേഷമായിരിക്കും പ്രവേശനം. സമൂഹ അകലം പാലിച്ചാണ് കുട്ടികളെ ക്ലാസിൽ ഇരുത്തുന്നത്. എല്ലാ രക്ഷിതാക്കളും സമ്മതപത്രം നൽകണം. വിദ്യാർഥികളും അധ്യാപകരും മാസ്ക് ധരിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.