കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് എയർപോർട്ട് അതോറിറ്റി പിൻവലിയുന്നു. ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയിലായ സാഹചര്യത്തിലും വികസനം പൂർത്തിയാക്കാനുള്ള കാലതാമസവുമാണ് പ്രധാനകാരണമായി ഉന്നയിക്കുന്നത്. കൂടാതെ, പദ്ധതി പൂർത്തിയാക്കണമെങ്കിൽ വൻതുകയും ആവശ്യമാണ്.
പുതിയ സാഹചര്യത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുകൂല നിലപാടാണ് കേന്ദ്രത്തിന്. കോഡ് ഇ ഗണത്തിൽപ്പെടുന്ന ബി 777-200 വിമാനം സർവിസ് നടത്താൻ ഡി.ജി.സി.എ അനുകൂലമാണ്. സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസി എന്നിവയുടെ നേതൃത്വത്തിലുള്ള സുരക്ഷാപഠനം മാത്രമാണ് നടത്താനുള്ളത്.
ഇൗ വിഷയം ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ഭൂമി എത്ര വേണ്ടിവരുമെന്നതിെൻറ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കാൻ യോഗത്തിൽ മുഖ്യമന്ത്രി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2,860 മീറ്റർ നീളമുള്ള റൺവേ 3,627 മീറ്ററാക്കി വർധിപ്പിക്കുന്നതിന് 248 ഏക്കറും പുതിയ ടെർമിനലിനായി 137 ഏക്കറുമാണ് അതോറിറ്റി ആവശ്യപ്പെട്ടത്.
കൂടാതെ, പുനരധിവാസത്തിന് 100 ഏക്കറുൾപ്പെടെ 485 ഏക്കർ ഏറ്റെടുക്കാനാണ് സർക്കാർ 2016 ഒക്ടോബർ 30ന് ഉത്തരവിറക്കിയത്. രണ്ട് മാസം മുമ്പ് വികസനത്തിന് ഏറ്റവും ചുരുങ്ങിയത് 168.13 ഏക്കർ മതിയെന്ന് അതോറിറ്റി സർക്കാറിന് കത്ത് നൽകിയിരുന്നു. ഭൂമി ഏറ്റെടുത്ത് നൽകിയാലും റൺവേ വികസനം പൂർത്തിയാക്കണമെങ്കിൽ എട്ട് വർഷമെടുക്കുെമന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് ലോഡ് മണ്ണ് വേണ്ടിവരും. മണ്ണിട്ടുയർത്താൻ മാത്രം അഞ്ച് വർഷം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.