കാസർകോട്: ദേശീയപാതക്കു പിന്നാലെ സിൽവർ ലൈൻ പദ്ധതിയിലും ഒരു വിഭാഗം ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് നല്ലകാലം. പദ്ധതിക്കാവശ്യമായ ഭൂമിക്ക് വില നിർണയിക്കുന്നതിലാണ് ഉദ്യോഗസ്ഥരുടെ പണക്കൊയ്ത്ത്. ഒരേ സർവേ നമ്പറിലെ ഭൂമിക്ക് വ്യത്യസ്ത വില നിശ്ചയിക്കുന്നതിലാണ് ഇത്തരക്കാരുടെ അസാമാന്യ കരവിരുത്. ചോദ്യം ചെയ്താൽ കേൾക്കേണ്ടി വരുക 'ട്രൈബ്യൂണലിൽ പൊയ്ക്കോളൂ' എന്ന പതിവ് മറുപടിയും.
റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വിലനിർണയത്തിലെ തട്ടിപ്പ് നടക്കുന്നത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ കാസർകോട് ജില്ലയിൽ ഒരേ ഭൂമിക്ക് തോന്നുംപടിയാണ് വിലനിശ്ചയിച്ചത്.
മഞ്ചേശ്വരം താലൂക്കിലെ ഉദ്യാവർ വില്ലേജിലെ ഭൂമിക്ക് വിലനിർണയിച്ചതിൽ വിവേചനം പ്രകടമാണ്. ഭൂമി വിട്ടുകൊടുത്ത ഒരാൾക്ക് ചതുരശ്രമീറ്ററിന് 3524 രൂപ കൊടുത്തപ്പോൾ ഈ ഭൂമിയോട് ചേർന്ന് നിൽക്കുന്ന മറ്റൊരാളുടെ സ്ഥലത്തിന് 754 രൂപയാണ്. സെന്റിന് 1,40,960 രൂപ കിട്ടുമ്പോൾ തൊട്ടടുത്തയാൾക്ക് കിട്ടിയത് 30,160 രൂപയാണ്. കൂടുതൽ ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടവും കൂടും. ഉദ്യാവർ വില്ലേജിൽതന്നെ സമാനരീതിയിൽ ഒട്ടേറെ വിലനിർണയം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും ഇത്തരം പരാതികളുണ്ട്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയാണ് വിലനിർണയിക്കുന്നത്. ഏതു പദ്ധതിയായാലും അതിനായി ഭൂമി ഏറ്റെടുത്ത് നൽകേണ്ട ഉത്തരവാദിത്തം ഇവർക്കാണ്. വിലനിർണയത്തിൽ 'അസാമാന്യ മിടുക്കു'ള്ളവരാണ് ഇവരെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർതന്നെ പറയുന്നു. ഭൂവുടമകളിൽനിന്ന് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് നേരത്തേതന്നെ പരാതിയുയർന്നിരുന്നു.
വിലനിർണയത്തിലെ അപാകതകൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഭൂവുടമകൾ. നഗര-ഗ്രാമങ്ങളിൽ വ്യത്യസ്ത വിലയെന്നതിനു പകരം ഒരേ നമ്പറിലെ ഭൂമിക്ക് എങ്ങനെയാണ് ഇത്രയും വ്യത്യാസമെന്ന ചോദ്യത്തിന് വിവിധ ഗസറ്റ് വിജ്ഞാപനമനുസരിച്ചാണ് വിലകൾ മാറുന്നതെന്നാണ് ഉദ്യേഗസ്ഥരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.