കോഴിക്കോട്: ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് തോട്ടങ്ങൾ തരംമാറ്റി യഥേഷ്ടം മുറിച്ചു വിൽക്കാൻ സംസ്ഥാന ലാൻഡ് ബോർഡ് വഴിയൊരുക്കി. ഭൂപരിഷ്കരണ നിയമത്തിന്റെ ഇളവുകൾ മറികടന്ന് തോട്ടഭൂമി പരിധിയിൽ കവിയാത്തവിധം തരം മാറ്റി മുറിച്ചു വിൽക്കാൻ ഉടമകളെ അനുവദിച്ച് സംസ്ഥാന ലാൻഡ് ബോർഡിന്റെ സർക്കുലർ. വയനാട് ജില്ലാ കലക്ടർക്ക് ലാൻഡ് ബോർഡ് സെക്രട്ടറി 2023 ആഗസ്റ്റ് 11ന് അയച്ച സർക്കുലറിലാണ് ഭൂപരിഷ്കരണ നിയമത്തിന് പുതിയ വ്യാഖ്യാനം നൽകി വലിയ അട്ടിമറിക്ക് കളമൊരുക്കിയിരിക്കുന്നത്. സർക്കുലർ അനുസരിച്ച് നടപടി സ്വീകരിച്ചാൽ തോട്ടഭൂമി എത്രവേണമെങ്കിലും മുറിച്ചു വിൽക്കാനാകും. ഫലത്തിൽ ഭൂപരിഷ്കരണ നിയമംതന്നെ അപ്രസക്തമാകും. അതുവഴി, തരം മാറ്റത്തിലൂടെ സർക്കാറിന് ലഭ്യമാകേണ്ട മിച്ചഭൂമിയും നഷ്ടമാകും.
തോട്ടഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിൽ പ്രത്യേക ഇളവുണ്ട്; പ്ലാന്റേഷനുകൾ അതുപോലെ നിലനിർത്താനാണിത്. നിയമപ്രകാരം ഒരു വ്യക്തിക്ക് പരമാവധി കൈവശംവെക്കാവുന്ന ഭൂമി 15 ഏക്കറാണ്. തോട്ടഭൂമിയാണെങ്കിൽ ഈ പരിധിയില്ല. തോട്ടം ഉടമകളുടെ സമ്മർദത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഏതാനും വർഷങ്ങൾക്കുമുമ്പ് നടത്തിയ നിയമനിർമാണ പ്രകാരം അഞ്ച് ശതമാനം തോട്ടഭൂമി അതിന്റെ പ്രവർത്തനത്തിന് കോട്ടം വരാത്തവിധം തരം മാറ്റുകയുമാവാം. അതായത്, 100 ഏക്കർ തോട്ടഭൂമിയുള്ളയാൾക്ക് പരമാവധി അഞ്ച് ഏക്കർ തരം മാറ്റാം. എന്നാൽ, പുതിയ സർക്കുലർ പ്രകാരം, ഈ ഉടമക്ക് ഇതേ തോട്ടഭൂമി പത്തേക്കർ വീതം പത്തുപേർക്കായി തരം മാറ്റി വിൽപന നടത്താനാകും. ഇങ്ങനെ പ്ലോട്ടുകളാക്കുമ്പോൾ പുതിയ ഉടമകൾക്കെതിരെയാണ് നടപടി സ്വീകരിക്കുക. അപ്പോൾ സർക്കാറിന് അല്ലെങ്കിൽ താലൂക്ക് ലാൻഡ് ബോർഡിന് തരംമാറ്റിയത് മിച്ചഭൂമിയായി ഏറ്റെടുക്കാനും ഭൂമിയുണ്ടാവില്ല.
നിലവിലെ കൈവശക്കാരന് പരിധിയിൽ കൂടുതൽ ഭൂമിയുണ്ടോ എന്ന് പരിശോധിച്ചാൽ മതിയെന്നാണ് പുതിയ സർക്കുലർ പറയുന്നത്. സിവിൽ കോടതിയിലെ നടപടികളിലൂടെ താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമിയുണ്ട് കണ്ടെത്തിയാൽ അത് പ്രഖ്യാപിച്ച് സർക്കാർ ഭൂമിയാക്കി മാറ്റി ഏറ്റെടുത്താൽ മാത്രമേ സർക്കാറിന് നിയമപരമായി അവകാശം ലഭിക്കു. അപ്പോൾ മാത്രമേ വ്യക്തിയുടെ കരമടവ്, പോക്കുവരവ്, റവന്യൂ സർട്ടിഫിക്കറ്റുകൾ എന്നിവ വിലക്കാൻ കഴിയുകയുള്ളൂവെന്നും സർക്കുലർ പറയുന്നു. തോട്ടഭൂമി, തരം മാറ്റിയ ഭൂമി ഉൾപ്പെടെ ഏതു ഭൂമിയായാലും ഒരു കുടുംബത്തിന് കൈവശമുള്ള ആകെ ഭൂമി 15 ഏക്കർ വരെയാണെങ്കിൽ ഏത് രീതിയിലും വിനിയോഗിക്കാമെന്നാണ് സർക്കുലർ. ഒറ്റനോട്ടത്തിൽതന്നെ നിയമവിരുദ്ധമായ ഈ സർക്കുലർ ഭൂമാഫിയയുടെ സ്വാധീനത്താൽ ലാൻഡ് ബോർഡിലെ ചില ഉദ്യോഗസ്ഥർ മുൻകൈയെടുത്താണ് കൊണ്ടുവന്നതെന്ന് ആക്ഷേപമുണ്ട്. ലാൻഡ് റവന്യൂ കമീഷൻ അറിഞ്ഞാണോ ഈ സർക്കുലർ അയച്ചതെന്ന് വ്യക്തമല്ല. സർക്കുലർ പുറപ്പെടുവിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു; ഇതിനിടയിൽ വയനാട്ടിൽ വലിയതോതിൽ തോട്ടഭൂമി തരം മാറ്റി വിൽപന നടത്തിയതായും സംശയമുണ്ട്.
വയനാട് മുട്ടിൽ വനംകൊള്ളയിലേക്ക് നയിച്ച അതേ സാഹചര്യങ്ങൾ ആവർത്തിക്കുകയാണ് ഇവിടെയും. 2017ൽ പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ഇതുസംബന്ധിച്ച് നടന്നൊരു യോഗത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ രാഷ്ട്രീയ കക്ഷികളെല്ലാം ആവശ്യപ്പെട്ടിരുന്നു. വനംവകുപ്പും അനുകൂല നിലപാട് സ്വീകരിച്ചതോെട തുടർനടപടികൾക്കായി വിട്ടു. 2020 മാർച്ച് 11ന് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ജില്ല കലക്ടർമാർക്ക് പട്ടയഭൂമിയിൽ നട്ടുവളർത്തിയ ചന്ദനെമാഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകി സർക്കുലർ ഇറക്കി. വിവാദമായതോടെ പത്ത് മാസത്തിനുശേഷം സർക്കുലർ പിൻവലിച്ചു. അപ്പോഴേക്കും വനമാഫിയ അവർക്കാവശ്യമുള്ളതെല്ലാം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.