കൊച്ചി: 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് നികത്തിയ ഭൂമിയില്‍ വീടുവെക്കാൻ മാത്രമേ അനുമതി നൽകാവൂ എന്ന റവന്യൂ വകുപ്പിെൻറ 2016 ഡിസംബറിലെ സർക്കുലർ ഹൈകോടതി റദ്ദാക്കി. ഡിസംബര്‍ 22ലെ ഉത്തരവ് 1967ലെ കേരള ഭൂവിനിയോഗ ഉത്തരവിെൻറയും ജലജ ദിലീപ് കേസിലെ സുപ്രീംകോടതി വിധിയുടെയും ലംഘനമാണെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. 2008ലെ നിയമം നിലവില്‍ വരുന്നതിനുമുമ്പ് നികത്തിയ, ഡാറ്റാ ബാങ്കില്‍ നിലമല്ലാത്തതും റവന്യൂ രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട സർക്കുലർ ചോദ്യം ചെയ്യുന്ന ഹരജികളാണ് കോടതി റദ്ദാക്കിയത്.
നികത്തു നിലത്തിെൻറ ഉടമക്ക് വീടുവെക്കാന്‍ മാത്രം അനുമതി നല്കിയാല് മതിയെന്നും കലക്ടറോ ആർ.ഡി.ഒേയാ അപേക്ഷയിൽ തീരുമാനമെടുക്കണമെന്നുമായിരുന്നു സർക്കുലർ. പഞ്ചായത്തുകളിൽ 10 സെൻറും നഗരങ്ങളില്‍ അഞ്ച് സെൻറുമാണ് ഇപ്രകാരം നിർമാണത്തിന് അനുമതി നൽകിയത്. എന്നാൽ, ഭൂവിനിയോഗ ഉത്തരവ് നിലനിൽക്കേ നിർമാണാനുമതി ഭവനങ്ങൾക്ക് മാത്രമാക്കി ചുരുക്കിയത് റദ്ദാക്കണമെന്നും മറ്റ് നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. സർക്കുലർ റദ്ദാക്കിയ കോടതി ഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാൻ നൽകിയിട്ടുള്ള അപേക്ഷകൾ വീണ്ടും പരിഗണിച്ച് ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവിട്ടു.
വാണിജ്യ ആവശ്യത്തിന് വന്‍തോതില്‍ ഭൂമി രൂപമാറ്റം വരുത്തരുതെന്ന സുപ്രീംകോടതി വിധി വീട് നിര്‍മാണ ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാൻ അനുവദിക്കാവൂ എന്ന് വ്യാഖ്യാനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വീട്, വ്യവസായ യൂനിറ്റ്, വാണിജ്യ കെട്ടിടങ്ങള്‍ എന്നിവക്ക് നിയമപരമായി അനുമതി നൽകാം. 2008ല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് നികത്തിയ ഭൂമിയുടെ കാര്യത്തില്‍ ഭൂവിനിയോഗ നിയമമാണ് ബാധകമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്തൊക്കെ ആവശ്യത്തിന് ഇൗ ഭൂമി രൂപമാറ്റം വരുത്താമെന്ന് ഭൂവിനിയോഗ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നില്ല. ഭൂമി കൃഷിയോഗ്യമല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യണമെന്ന് ഉടമയാണ് തീരുമാനിക്കേണ്ടത്.
2008നുമുമ്പ് നികത്തിയ ഭൂമി മറ്റ് ആവശ്യത്തിന് ഉപയോഗിക്കാനുള്ള അവകാശം ഭൂവിനിയോഗ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ നിഷേധിക്കുന്നത് കാര്ഷികോൽപാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നില്ല. സ്വത്ത് ആസ്വദിക്കാനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാറിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ല. ഭക്ഷ്യവിള കൃഷി ചെയ്ത ഭൂമിയില്‍ മറ്റ് വിളകള്‍ പാടില്ലെന്ന ഭൂവിനിയോഗ ഉത്തരവിലെ വ്യവസ്ഥ നടപ്പാക്കണമെങ്കില്‍ ഈ ഭൂമിയില്‍ മൂന്നുവര്‍ഷം കൃഷി ചെയ്തിരുന്നു എന്ന് ഉറപ്പുവരുത്തണം. വില്ലേജ് ഓഫിസറുടെയും കൃഷി ഓഫിസറുടെയും റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലായിരിക്കണം ഇൗ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൃഷിക്ക് സംവിധാനമൊരുക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി
ഭൂമി നികത്തലിന് അനുമതി നിഷേധിക്കുകയാണെങ്കില്‍ ആ ഭൂമിയില്‍ കൃഷി ചെയ്യാനുള്ള സംവിധാനം ഒരുക്കാനും സർക്കാറിന് ബാധ്യതയുെണ്ടന്ന് ഹൈകോടതി. റവന്യൂ വകുപ്പിെൻറ 2016 ഡിസംബറിലെ സർക്കുലർ റദ്ദാക്കിയാണ് സിംഗിൾബഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
1967ല്‍ കൃഷി ചെയ്യുകയും പിന്നീട് തരിശിടുകയും ചെയ്ത ഭൂമിയില്‍ കൃഷി ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കുന്നത് വിഡ്ഡിത്തമാകും. ഇത്തരം ഭൂമിയില്‍ കൃഷി നടത്തണമെങ്കില്‍ സര്‍ക്കാര്‍ അതിന് വേണ്ട നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഭൂവുടമക്ക് മതിയായ നഷ്ട പരിഹാരം നല്‍കണം. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് മതിയായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ ഭൂവിനിയോഗ ഉത്തരവിലെ വകുപ്പുകള്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. ഭൂമി നേരിട്ടോ മൂന്നാം കക്ഷി വഴിയോ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. 2-3 വർഷമായി തരിശിട്ട 1500 ഹെക്ടര്‍ പാടത്ത് കൃഷി ചെയ്തപ്പോള്‍ അരി ഉല്പാദനം 1.25 ലക്ഷം ടണ്ണായി വര്‍ധിച്ചു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം രൂപവത്കരിച്ച ഡാറ്റാബാങ്ക് കൃഷിഭൂമി മാത്രം ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ജാഗ്രത പുലര്‍ത്താതെയും യാഥാർഥ്യബോധമില്ലാതെയും തോന്നുംവിധം ഭൂമികളെ നെല്‍കൃഷി ചെയ്യുന്ന ഭൂമിയാക്കി രേഖപ്പെടുത്തിയത് ഹരജികൾ വർധിക്കാൻ കാരണമായിട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കാതെയാണ് ഡാറ്റാ ബാങ്ക് തയാറാക്കിയിരിക്കുന്നത്. സംസ്ഥാന ലാൻഡ് ബോര്‍ഡുകളോ കേന്ദ്ര-സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോ ഇതില്‍ പങ്കാളിയായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.