തിരുവനന്തപുരം: ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകൽ പദ്ധതി തിരുവനന്തപുരം ജില്ലയിൽ പാതിവഴിയിലെന്ന് അക്കൗൺന്റ് ജനറൽ (എ.ജി) റിപ്പോർട്ട്. പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകാനാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 2022-23 സാമ്പത്തികവർഷത്തിൽ പട്ടികജാതി വിഭാഗത്തിലെ 4,620 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകാനാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഓരോ കുടുംബത്തിനും നൽകുന്ന ധനസഹായം അനുവദിക്കേണ്ടത്.
ലൈഫ് മിഷൻ പ്രകാരം ഭൂരഹിതരും ഭവനരഹിതരുമായി കണ്ടെത്തിയ ഗുണഭോക്താക്കൾക്കുമാണ് സഹായം നൽകേണ്ടത്. 2021-22 ലെ അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങൾക്ക് പദ്ധതിയിൽ മുൻഗണന നൽകണം. 2022-23 സാമ്പത്തികവർഷം തിരുവനന്തപുരം ജില്ലയിൽ പദ്ധതി പ്രകാരം വീടുകൾ നിർമിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് 23.34 കോടി രൂപ വകയിരുത്തി.
എന്നാൽ എ.ജി നടത്തിയ പരിശോധനയിൽ പുരോഗതി റിപ്പോർട്ട് പ്രകാരം' ഭൂരഹിതർക്ക് ഭൂമി' എന്ന പദ്ധതിയിൽ തിരുവനന്തപുര ജില്ലയിൽ 12.62 കോടി രൂപയാണ് ചെലവഴിച്ചത്. പദ്ധതിയിൽ ലക്ഷ്യം നേടാൻ കഴിഞ്ഞില്ലെന്നാണ് എ.ജിയുടെ പരിശോധനയിലെ കണ്ടെത്തൽ. തിരുവനന്തപുരം കോർപ്പറേഷന് 5.04 കോടി അനുവദിച്ചതിൽ 2.70 കോടിയാണ് ചെലവഴിച്ചത്. നേമം മണ്ഡലത്തിൽ 1.05 കോടി രൂപ അനുവദിച്ചതിൽ 26.25 ലക്ഷമാണ് ചെലവഴിച്ചത്. 28 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഏഴു പേർക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. 21 പേർക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചില്ല. നെടുമങ്ങാട് മുൻസിപ്പാലിറ്റിൽ 1.12 കോടി അനുവദിച്ചപ്പോൾ ചെലവഴിച്ചതാകട്ടെ 4.50 ലക്ഷം മാത്രം.
2022-23 വർഷത്തിലെ ആകെ ഫണ്ടിൽ ചെലവ് 54 ശതമാനം മാത്രമാണെന്ന് ഓഡിറ്റ് നിരീക്ഷിച്ചു. ഭൗതിക ലക്ഷ്യം 552 ഗുണഭോക്താക്കൾ എന്ന് നിശ്ചയിച്ചിരുന്നെങ്കിലും 301 പേർക്കാണ് പ്രയോജനം ലഭിച്ചത്. പദ്ധതിയുടെ പ്രയോജനം 251 ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.