കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന് പി.വി. അൻവർ എം.എൽ.എക്കെതിരെ നടപടിയെടുക്കണമെന്ന പരാതി ആറുമാസത്തിനകം യുക്തിപരമായി തീർപ്പാക്കണമെന്ന് ഹൈകോടതി.
എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും പക്കൽ മിച്ചഭൂമി-ഇടഗുനി പരാതിയിൽ സംസ്ഥാന ലാൻഡ് ബോർഡിെൻറ ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കൽ നടപടി വൈകുന്നെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി കെ.വി. ഷാജി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്. അധിക ഭൂമി കൈവശം വെച്ചതിന് കേസെടുക്കണമെന്ന സംസ്ഥാന ലാൻഡ് ബോർഡ് ഉത്തരവ് നാലുവർഷമായിട്ടും താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്മാൻ നടപ്പാക്കിയില്ലെന്നാണ് ആരോപണം.
കോഴിക്കോട്, മലപ്പുറം കലക്ടർമാരിൽനിന്ന് റിപ്പോർട്ട് തേടിയ ലാൻഡ് ബോർഡ് ഭൂപരിഷ്കരണ നിയമപ്രകാരം കേസെടുക്കാൻ 2017 ഡിസംബർ 19നാണ് താലൂക്ക് ബോർഡിനോട് ഉത്തരവിട്ടത്.
മിച്ചഭൂമിയുടെ കാര്യത്തിലുള്ള നടപടി ഏത് ഘട്ടത്തിലെത്തിയെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് ഹരജിക്കാരൻ നൽകിയ നിവേദനത്തിൽ സർക്കാർ നേരത്തേ മറുപടി നൽകിയിരുന്നു. തുടർനടപടി പിന്നെയും വൈകിയതോടെയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
എന്നാൽ, ഹരജിക്കാരെൻറ ആരോപണങ്ങൾ അടിസ്ഥാനരഹിതമാെണന്നും യുക്തിപരമായ തീരുമാനം ഇക്കാര്യത്തിലുണ്ടാകുമെന്നും സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചു.
തുടർന്നാണ് ആറുമാസത്തിനകം തീരുമാനമെടുക്കാൻ താമരശ്ശേരി താലൂക്ക് അഡീ. തഹസിൽദാർ, താലൂക്ക് ലാൻഡ് ബോർഡ് എന്നിവർക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.