ഇടുക്കിയിലെ ഭൂവിനിയോഗം; നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ

കൊച്ചി: ഇടുക്കിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചതായി സർക്കാർ ഹൈകോടതിയിൽ. ഇടുക്കിയിലെ ഭൂമി തർക്കങ്ങൾ ജനങ്ങളെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമചട്ട ഭേദഗതിക്ക് സർക്കാർ തീരുമാനിച്ചതെന്നും സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ. വി. വേണു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

മൂന്നാറിലെ കൈയേറ്റവും നിർമാണവും തടയണമെന്ന് ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം നൽകിയ ഹരജികളിലാണ് വിശദീകരണം. നിവേദിത പി. ഹരൻ റിപ്പോർട്ടിന്‍റെയും കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ വ്യാജപട്ടയങ്ങൾ റദ്ദാക്കിയും നിയന്ത്രണ മാർഗങ്ങളിലൂടെ അനധികൃത നിർമാണങ്ങൾ തടഞ്ഞും നടപടി സ്വീകരിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ദേവികുളം താലൂക്കിൽ അഡീ. തഹസിൽദാറായിരുന്ന രവീന്ദ്രൻ നൽകിയ 540 വ്യാജപട്ടയങ്ങൾ റദ്ദാക്കി. ഇതിനു മുന്നോടിയായി 972 പേർക്ക് നോട്ടീസ് നൽകി.

ഇതിൽ 848 പേരെ കേട്ട ശേഷമാണ് തീരുമാനമെടുത്തത്. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, വട്ടവട, കൊട്ടക്കാമ്പൂര്, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, മൂന്നാർ എന്നിവിടങ്ങളിലാണ് രവീന്ദ്രൻ പട്ടയം നൽകിയത്. വ്യാജപട്ടയത്തിന്റെ മറവിൽ കെ.ഡി.എച്ച് വില്ലേജിൽ ഭൂമി കൈയേറാൻ ശ്രമം നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള 15 കേസുകളിൽ അന്വേഷണം നടക്കുന്നു. നാലുപട്ടയം റദ്ദാക്കി. ഇതിനെതിരെയുള്ള അപ്പീൽ ലാൻഡ് കമീഷണർ മുമ്പാകെയുണ്ട്.

2010 ജനുവരിയിൽ മൂന്നാറിൽ അനധികൃത നിർമാണങ്ങൾ തടഞ്ഞ് ഹൈകോടതി ഉത്തരവുണ്ടായതിന്‍റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ല കലക്ടർ സർക്കുലർ പുറത്തിറക്കി. തുടർന്ന് സ്റ്റോപ് മെമ്മോയും നൽകി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ റിപ്പോർട്ടിനെ തുടർന്ന് മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. തിരിച്ചുപിടിച്ച നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജികൾ പലതും കോടതിയുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Tags:    
News Summary - Land Use in Idukki; The government will bring amendments in the law and regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.