തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണ സമയപരിധി 19ന് അവസാനിക്കും

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 19ന് അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന 20നാണ്.

കേരള പഞ്ചായത്തീരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അതത് വരണാധികാരികളാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക.

സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍

🔹മത്സരാര്‍ഥിയുടെ പേര് മത്സരിക്കുന്ന വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരിക്കണം. പത്രിക സമര്‍പ്പിച്ച തീയതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം. നാമനിര്‍ദേശം ചെയ്തയാളുടെ പേര് അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരിക്കണം.

🔹സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ അതേ സംവരണ വിഭാഗത്തില്‍പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ സമര്‍പ്പിച്ച വില്ലേജ് ഓഫീസറോ തഹസില്‍ദാരോ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. മൂന്നു വര്‍ഷം സാധുത കാലയളവുള്ള ജാതി സര്‍ട്ടിഫിക്കറ്റുകളും ഇതിനായി പരിഗണിക്കും.

🔹കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലോ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ഉദ്ദ്യോഗസ്ഥരും മറ്റ് ജീവനക്കാരും മത്സരിക്കുന്നതിന് അയോഗ്യരാണ്.

🔹 കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാര്‍ക്കും മത്സരിക്കാനാവില്ല. സംസ്ഥാനത്തെ ഏതെങ്കിലും ബോര്‍ഡിലോ സര്‍വ്വകലാശാലയിലോ ജോലി ചെയ്യുന്നവരും സ്ഥാനാര്‍ഥിത്വത്തിന് യോഗ്യരല്ല. പാര്‍ട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും.

🔹അംഗൻവാടി-ബാലവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാം. സാക്ഷരതാ പ്രേരക്മാര്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാനാകൂ.

🔹സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.

🔹കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, എം പാനല്‍ കണ്ടക്ടര്‍മാര്‍, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 179 ദിവസത്തേക്ക് നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്.

🔹കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ ജീവനക്കാരല്ലാത്തതിനാല്‍ മത്സരിക്കുന്നതിന് തടസമില്ല. തദ്ദേശസ്ഥാപനങ്ങളിലെ സി.ഡി.എസ് അക്കൗണ്ടന്റുമാര്‍ അയോഗ്യരാണ്.

🔹സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ അയോഗ്യരാണെങ്കിലും മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താല്‍ അയോഗ്യരാവില്ല.

🔹സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ജനപ്രതിനിധി എന്ന നിലയില്‍ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവര്‍ക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വ്യാപാരാവശ്യത്തിനോ വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതും അയോഗ്യതയല്ല.

🔹സര്‍ക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും കുടിശിക നല്‍കാനുള്ളവര്‍ അയോഗ്യരാണ്. കുടിശികക്കാരനായി കണക്കാക്കുന്നതിന് അതു സംബന്ധിച്ച ബില്ലോ നോട്ടീസോ ലഭിക്കുകയും അതില്‍ നിര്‍ദേശിച്ചിട്ടുള്ള സമയപരിധി കഴിയുകയും വേണം.

🔹ബാങ്കുകള്‍ക്കോ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്കോ നല്‍കാനുള്ള കുടിശിക സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നല്‍കാനുള്ള കുടിശികയായി കരുതാന്‍ കഴിയില്ല. കെ.എഫ്.സി, കെ.എസ്.എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള കുടിശിക റവന്യു റിക്കവറി വഴിയാണ് ഈടാക്കുന്നതെങ്കിലും അതും കുടിശികയായി പരിഗണിക്കില്ല.

🔹സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ നല്‍കാനുള്ള കുടിശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ പറയുന്ന ഗഡുക്കള്‍ മുടങ്ങിയിട്ടുണ്ടെങ്കി്ല്‍ മാത്രമേ കുടിശികക്കാരനായി കണക്കാക്കി അയോഗ്യത കല്‍പ്പിക്കൂ.

🔹1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ അസാന്‍മാര്‍ഗ്ഗിക കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെയുള്ള തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുകയോ ചെയ്തവര്‍ക്ക് അയോഗ്യത ഉണ്ടായിരിക്കും. ശിക്ഷ നടപ്പാക്കുന്നത് അപ്പീല്‍ കോടതി സ്‌റ്റേ നല്‍കിയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം(കണ്‍വിക്ഷന്‍) സ്റ്റേ ചെയ്യാത്തിടത്തോളം കാലം അയോഗ്യത നിലനില്‍ക്കും.

🔹നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തീയിതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം എന്നതൊഴികെയുള്ള നിബന്ധനകളില്‍ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തെ സ്ഥിതിയാണ് യോഗ്യതയ്ക്കും അയോഗ്യതയ്ക്കും കണക്കിലെടുക്കുക.

🔹ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ടു മാത്രം ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല.

🔹അഴിമതിയ്‌ക്കോ കൂറില്ലായ്മയ്‌ക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ച് വിടപ്പെട്ടവര്‍ക്ക് പിരിച്ചു വിടപ്പെട്ട തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യതയുണ്ടായിരിക്കും.

🔹കേരള തദ്ദേശസ്വയംഭരണ സ്ഥാപന(കൂറുമാറ്റ നിരോധം) നിയമത്തിലെ വ്യവസ്ഥ പ്രകാരം അയോഗ്യനാക്കപ്പെട്ടശേഷം ആറു വര്‍ഷം കഴിഞ്ഞിട്ടില്ലെങ്കില്‍ അയോഗ്യതയായി പരിഗണിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട് എന്ന കാരണത്താല്‍ മാത്രം അയോഗ്യത ഇല്ലാതാവില്ല. സ്‌റ്റേ ഉത്തരവിലെ ഉപാധികള്‍ പരിശോധിച്ച് വരണാധികാരി അയോഗ്യത സംബന്ധിച്ച തീരുമാനമെടുക്കണം.

🔹മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുശേഷം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് യഥാസമയം നല്‍കാത്തവര്‍ക്ക് അഞ്ച് വര്‍ഷക്കാലം അയോഗ്യതയുണ്ട്.

🔹ഗ്രാമസഭാ, വാര്‍ഡ് സഭാ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ വീഴ്ച്ച വരുത്തുക, അംഗമായി തുടരവേ തദ്ദേശഭരണ സ്ഥാപനത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളില്‍ ഹാജരാകാതെരിക്കുക തുടങ്ങിയ കാരണങ്ങളാലുണ്ടായ അയോഗ്യത പ്രസ്തുത കമ്മിറ്റിയുടെ കാലാവധി കഴിയുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. അതുകൊണ്ടുതന്നെ അവര്‍ക്ക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല.

🔹സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ച്ചവരുത്തിയതിനെത്തുടര്‍ന്ന് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അയോഗ്യരാണ്. തദ്ദേശസ്ഥാപനത്തിന്റെ ധനമോ വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ ദുര്‍വിനിയോഗം ചെയ്യുകയോ പാഴാക്കുകയോ ചെയ്തിട്ടുണ്ടെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിട്ടുള്ളവരും അയോഗ്യരാണ്.

🔹ബധിരമൂകരായവര്‍ അയോഗ്യരാണ്.

🔹സര്‍ക്കാര്‍ അഭിഭാഷകര്‍, തദ്ദേശ സ്വയംഭരണസ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി അഭിഭാഷക ജോലി ചെയ്യുന്നവര്‍, അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ വിലക്കുള്ളവര്‍ എന്നിവര്‍ അയോഗ്യരാണ്.

🔹ഒരാള്‍ക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേക്ക് മാത്രമേ മത്സരിക്കാന്‍ യോഗ്യതയുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ അയാളുടെ എല്ലാ നാമനിര്‍ദേശ പത്രികകളും നിരസിക്കപ്പെടും. എന്നാല്‍ ത്രിതല പഞ്ചായത്തിന്റെ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കാം.

🔹നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചശേഷം നിശ്ചിത മാതൃകയിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പ് വച്ചിട്ടില്ലാത്തവരുടെ നാമനിര്‍ദേശപത്രികകളും നിരസിക്കുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.