തിരുവനന്തപുരം: വിഴിഞ്ഞത്തേത് നിലനിൽപ്പിനായുള്ള സമരമെന്ന് ലത്തീൻ അതിരൂപത. വിഴഞ്ഞം സമരത്തിൽ അതിരൂപത പള്ളികളിൽ സർക്കുലർ വായിച്ചു. സർക്കാർ വിഴിഞ്ഞത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് സർക്കുലറിൽ പറയുന്നു.
മത്സ്യബന്ധന അവകാശം ഭരണഘടനാപരമാണ്. വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖത്തിനെതിരായ സമരം തുടരും. വിഴിഞ്ഞം തുറമുഖനിർമാണം മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാണ്. തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടായ തീരശോഷണത്തിൽ നിരവധി വീടുകൾ കടലെടുത്തു. കടലിന്റെ ആവാസവ്യവസ്ഥയും വിഴിഞ്ഞം തുറമുഖ നിർമ്മാണം ബാധിച്ചിട്ടുണ്ട്. മത്സ്യസമ്പത്തും ഇതുമൂലം കുറയുകയാണെന്നും ലത്തീൻ അതിരൂപത ആരോപിക്കുന്നു.
തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം സമരത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിക്കാനും വിഭജിക്കാനും നീക്കമുണ്ട്. ഈ പ്രലോഭനങ്ങളിൽ വീഴാതെ ഒറ്റക്കെട്ടായി മുന്നേറണം. വിഴിഞ്ഞം സമരത്തിൽ അദാനി നിയമവഴി തേടിയ സാഹചര്യത്തിൽ അതിരൂപതയും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലറിൽ പറയുന്നു.
അതേസമയം, സമരക്കാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച നടക്കും. വൈകീട്ട് ആറ് മണിക്ക് മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമാനമാകാതെ വന്നതോടെയാണ് വീണ്ടും മന്ത്രിതല സമിതിയുമായി ചർച്ച നടത്തുന്നത്. തുറമുഖ നിർമ്മാണം നിർത്തണമെന്ന് ലത്തീൻ അതിരൂപതയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.