തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയം. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനുള്ള മാനേജ്മെന്‍റ് നിലപാട് അംഗീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചപ്പോള്‍ രാജിയില്‍ കുറഞ്ഞുള്ള ഒത്തുതീര്‍പ്പിനില്ളെന്ന് സമരക്കാര്‍ വ്യക്തമാക്കി. ചര്‍ച്ച വഴിമുട്ടിയതോടെ സമരം പിന്‍വലിച്ച് തിങ്കളാഴ്ച ക്ളാസ് തുടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ക്ഷുഭിതനായി ചര്‍ച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഇതോടെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ക്ളാസുകള്‍ ആരംഭിക്കുമെന്നും അതിന് പൊലീസ് സംരക്ഷണമുണ്ടാകുമെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. നേരത്തേ എസ്.എഫ്.ഐയുമായി മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണയില്‍ കവിഞ്ഞ് പുതിയ നിര്‍ദേശങ്ങളൊന്നും സര്‍ക്കാറും മാനേജ്മെന്‍റും ശനിയാഴ്ചയിലെ ചര്‍ച്ചയിലും മുന്നോട്ടുവെച്ചില്ല. ലക്ഷ്മി നായരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കുമെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റ് വ്യക്തമാക്കി. സ്വകാര്യകോളജുകളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും ലക്ഷ്മി നായരോട് രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ളെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയുടെ തുടക്കത്തില്‍തന്നെ സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ച് പഠനാന്തരീക്ഷം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, സമരക്കാരുടെ ആവശ്യങ്ങള്‍ കേട്ട് അക്കാര്യത്തില്‍ സര്‍ക്കാര്‍ മാനേജ്മെന്‍റിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനകളുടെ ആവശ്യം. നിലപാട് മന്ത്രിയും മാനേജ്മെന്‍റും സമരക്കാരും ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
സര്‍വകലാശാല ഉപസമിതി കണ്ടത്തെിയ ഗുരുതരകുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കോളജിന്‍െറ അഫിലിയേഷന്‍ റദ്ദാക്കാന്‍ സര്‍ക്കാറും സര്‍വകലാശാലയും തയാറാകണമെന്ന് എ.ഐ.എസ്.എഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മാനേജ്മെന്‍റിന് വേണ്ടിയാണ് മന്ത്രി വാദിക്കുന്നത്. മന്ത്രിതന്നെ ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയത് സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ളെന്നതിന്‍െറ തെളിവാണെന്നും സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു. മാനേജ്മെന്‍റിന്‍െറ അഭിഭാഷകനെ പോലെയാണ് മന്ത്രി സംസാരിച്ചതെന്ന് കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് പറഞ്ഞു.
എസ്.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനം വായിക്കുകയും അതിനോട് യോജിച്ചുപോകാന്‍ ആവശ്യപ്പെടുകയുമാണ് മന്ത്രിയും മാനേജ്മെന്‍റും ചെയ്തതെന്ന് ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ പ്രതിനിധി ആര്യ പറഞ്ഞു. എന്നാല്‍, രാഷ്ട്രീയലക്ഷ്യത്തോടെയാണ് സമരം നീട്ടുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിനും പ്രസിഡന്‍റ് ജെയ്ക് സി. തോമസും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.