കൊച്ചി: വഞ്ചനക്കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹരജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.
ചിത്രത്തിന്റെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന് ഹരജി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി മാറ്റിയത്.
വഞ്ചനക്കേസിൽ പ്രതികളുടെ അറസ്റ്റ് സ്റ്റേ ചെയ്ത് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് കോടതി 12 വരെ നീട്ടിയിട്ടുണ്ട്. സിനിമക്ക് ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭ വിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്.
മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് നിലവിലെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്. ഗുരുതര സാമ്പത്തിക തട്ടിപ്പാണ് ഹരജിക്കാർ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മരട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സൗബിന്‍റെ പിതാവും നിർമാതാവുമായ ബാബു ഷാഹിറും കേസിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.