കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ കേസിൽ അഭിഭാഷകരെക്കൂടി പൊലീസ് പ്രതി ചേർത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ തിങ്കളാഴ്ച ഹൈകോടതി ബഹിഷ്കരിച്ചു. എൽദോസിന്റെ അഭിഭാഷകരായ കുറ്റിയാനി സുധീർ, അലക്സ്, ജോസ് തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെയായിരുന്നു ബഹിഷ്കരണം.
തിങ്കളാഴ്ച രാവിലെ ചേർന്ന കേരള ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിലാണ് കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. തുടർന്ന് ഹൈകോടതിയുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു.
കോടതി ബഹിഷ്കരിച്ച അഭിഭാഷകർ പ്രകടനവും നടത്തി. എൽദോസുമായി ബന്ധപ്പെട്ട കേസ് അഭിഭാഷകരുടെ ഓഫിസിൽ വെച്ച് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെ തനിക്ക് മർദനമേറ്റെന്ന ഇരയുടെ പരാതിയിലാണ് അഭിഭാഷകരടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ഇത് കള്ളക്കേസാണെന്നും എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചശേഷമാണ് പുതിയ കേസെടുത്തതെന്നും അഭിഭാഷകർ പറയുന്നു.
കേരള സർവകലാശാല സെനറ്റിൽനിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹരജികൾ, വിഴിഞ്ഞം സമരത്തെത്തുടർന്ന് തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹരജികൾ തുടങ്ങിയവ തിങ്കളാഴ്ച പരിഗണിക്കാനായില്ല.
ഇവ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്റെ ഹരജിയും ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഗ്യാസ് ഏജൻസി സമരവുമായി ബന്ധപ്പെട്ട പൊലീസ് സംരക്ഷണ ഹരജി പരിഗണനക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.