തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എൽ.ഡി ക്ലർക്ക് പരീക്ഷയിലെ വിവാദമായ ആറ് ചോദ്യങ്ങൾ നീക്കി. പൊതുവിജ്ഞാനം വിഭാഗത്തിലെ അഞ്ചും മലയാളം വിഭാഗത്തിലെ ഒരുചോദ്യവുമാണ് ചോദ്യപേപ്പറിൽനിന്ന് നീക്കംചെയ്തത്. മൊത്തം ആറ് മാർക്കിെൻറ ചോദ്യങ്ങളാണിവ. ചോദ്യം തയാറാക്കിയയാളെ വിലക്കാനും പി.എസ്.സി തീരുമാനിച്ചു.
പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീറിെൻറ അധ്യക്ഷതയിൽ ചേർന്ന പരീക്ഷ മോണിറ്ററിങ് സമിതി യോഗത്തിലാണ് തീരുമാനം. ചോദ്യവിവാദം അന്വേഷിച്ച വിദഗ്ധസമിതിയുടെയും അക്കാദമിക് സിലബസ് കമ്മിറ്റിയുടെയും ശിപാർശകൾ അംഗീകരിച്ചാണ് നടപടി. പൊതുവിജ്ഞാനം ഭാഗത്തെ അഞ്ച് ചോദ്യങ്ങൾ അനാവശ്യമായെന്നാണ് പ്രഫ. ലോപസ് മാത്യു അധ്യക്ഷനായ അക്കാദമിക് സിലബസ് കമ്മിറ്റിയുടെ റിപ്പോർട്ട്. മലയാളം ചോദ്യത്തിന് രണ്ട് ശരിയുത്തരം വന്നതിലാണ് നീക്കിയത്. ഏതൊക്കെ ചോദ്യങ്ങളാണ് നീക്കിയതെന്ന് വ്യക്തമാക്കുന്ന അന്തിമ ഉത്തരസൂചിക പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ചോദ്യം തയാറാക്കിയയാളെ വിലക്കേർപ്പെടുത്താനും തീരുമാനിച്ചു. 85 ശതമാനത്തിലധികം ചോദ്യങ്ങളിൽ അപാകതയില്ലെന്നതിനാൽ പരീക്ഷ റദ്ദാക്കണമെന്ന പരാതിക്കാരുടെ ആവശ്യം യോഗം തള്ളി. 14 ജില്ലകളിലെ എൽ.ഡി ക്ലർക്ക് പരീക്ഷകൾക്കായി അഞ്ചും ബൈ ട്രാൻസ്ഫർ വിഭാഗത്തിൽ ഒരു ചോദ്യപേപ്പറുമാണ് ഉപയോഗിച്ചത്. രണ്ടും മൂന്നും ജില്ലകൾക്ക് ഒരേ ചോദ്യപേപ്പറായിരുന്നു. ആഗസ്റ്റ് അഞ്ചിന് നടന്ന പാലക്കാട്, പത്തനംതിട്ട ജില്ലകളിലേക്ക് നടന്ന പരീക്ഷയാണ് വിവാദമായത്. പൊതുവിജ്ഞാനം വിഭാഗത്തിൽ കേരളവും ഇന്ത്യയും മറന്ന് രാജ്യാന്തരചോദ്യങ്ങളാണ് കാര്യമായി വന്നത്. പൊതുവിജ്ഞാനവിഭാഗത്തിലെ 30 ചോദ്യങ്ങളെ കുറിച്ചും പരാതിയുയർന്നു. പൊതുവിജ്ഞാനത്തിന് രാജ്യാന്തര അതിർത്തികൾ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആണ് അഞ്ച് ചോദ്യങ്ങൾ മാത്രം പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.