ലീഗിന് എൽ.ഡി.എഫ് ക്ഷണം; അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പ്രചരണം നടത്തും -കെ. സുരേന്ദ്രൻ

മുസ്‍ലിം ലീഗ് മതനിരപേക്ഷ പാർട്ടിയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അഭിപ്രായപ്രകടനം ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ലീഗിനെ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിൽനിന്ന് അടർത്തിമാറ്റി എൽ.ഡി.എഫിന്റെ ഭാഗമായി മാറ്റാനാണ് സി.പി.എം ശ്രമമെന്നും ആ വെള്ളം വാങ്ങിവെച്ചാൽ മതിയെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവായ വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അപ്പോൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ, വിഷയത്തെ വർഗീയവൽകരിക്കാനാണ് ബി.ജെ.പി ശ്രമം. മുസ്‍ലിം ലീഗ് വർഗീയ പാർട്ടിയാണെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവിച്ചത്. ഇന്ന് പ്രസ്താവന ആവർത്തിക്കുകയും കൂടുതൽ വിദ്വേഷപ്രാചരണം നടത്തുകയും ചെയ്തു. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ എൽ.ഡി.എഫ് മുന്നണിയിലെടുത്താൽ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പ്രചരണം നടത്തുമെന്ന് സുരേന്ദ്രൻ അറിയിച്ചു.

രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗ് എന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ലീഗിനെ ഇടതുമുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എം.വി ഗോവിന്ദൻ. യു.സി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗ്.

ഷാബാനു കേസിൽ എന്തായിരുന്നു ലീഗി​ന്റെ നിലപാടെന്ന് സി.പി.എം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സി.പി.എമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സി.പി.എം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ലീഗിന്റെ മുന്നണി പ്രവേശന കാര്യത്തിൽ സി.പി.ഐയിൽ അടി തുടങ്ങി കഴിഞ്ഞു. സി.പി.ഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. 

Tags:    
News Summary - LDF Invitation to League; BJP will campaign against unholy alliance -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.