ട്വന്‍റിട്വന്‍റിക്കും ആപിനും മുന്നിൽ മുട്ടുമടങ്ങി എൽ.ഡി.എഫ്

തിരുവനന്തപുരം: പ്രത്യയശാസ്ത്ര നിലപാട് കൈയൊഴിഞ്ഞ്, ആപിന്‍റെ മൃദുഹിന്ദുത്വത്തിനും ട്വന്‍റി ട്വന്‍റിയുടെ വിലപേശലിനും മുന്നിൽ മുട്ടുമടക്കി സി.പി.എം. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ആം ആദ്മി-ട്വന്‍റിട്വന്‍റി ജനക്ഷേമ സഖ്യം സ്ഥാനാർഥിയെ നിർത്തുന്നില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിലപാട് മറന്ന് കോൺഗ്രസ് നേതൃത്വത്തിനൊപ്പം സി.പി.എമ്മും സഖ്യത്തിന്‍റെ വോട്ടിൽ കണ്ണുവെച്ചത്. എൽ.ഡി.എഫ് കൺവീനർ മുതൽ സെക്രട്ടേറിയറ്റംഗം വരെയുള്ളവർ ആപിനെയും ട്വന്‍റിട്വന്‍റിയെയും പ്രശംസിച്ച് പരസ്യമായി രംഗത്തിറങ്ങി. ജനക്ഷേമ സഖ്യം മുന്നോട്ട് വെക്കുന്നത് ഇടതു നിലപാടാണെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പ്രസ്താവിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്‍റിട്വന്‍റിക്ക് 13,000 വോട്ട് മാത്രമാണ് ലഭിച്ചത്.

എറണാകുളത്ത് കിഴക്കമ്പലം പഞ്ചായത്തിൽ കിറ്റക്സ് കമ്പനിയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാറുമായി ട്വന്‍റിട്വന്‍റി ചെയർമാൻ സാബുജേക്കബ് ഇടഞ്ഞിരുന്നു. സംസ്ഥാനത്തുനിന്ന് വ്യവസായം ഇതരസംസ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ സാബു, സി.പി.എമ്മിനും സർക്കാറിനുമെതിരെ രൂക്ഷവിമർശനമാണ് ചൊരിഞ്ഞത്. അതെല്ലാം മറന്നാണ് സി.പി.എം നേതാക്കൾ സാബു ജേക്കബിന് മുന്നിൽ വോട്ടിനായി പ്രശംസാ വാചകവുമായി അണിനിരന്നത്. തന്‍റെ ഫാക്ടറിയിൽ നടത്തിയ പരിശോധനകൾ തള്ളിപ്പറയാൻ സാബുജേക്കബ് ആവശ്യപ്പെടുമ്പോഴും സി.പി.എം നേതൃത്വം മൗനം അവലംബിക്കുകയാണ്. നിയമപരമായ നടപടികളെ 'അട്ടിമറിക്കണമെന്ന' വ്യവസായിയുടെ താൽപര്യത്തെ സർക്കാറിന് തള്ളിപ്പറയാൻ കഴിയാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചങ്ങാത്ത മുതലാളിത്തവുമായുള്ള സഖ്യമാണെന്നും ഇടതുപക്ഷത്തിനുള്ളിൽതന്നെ വിമർശനമുണ്ട്.

പ്രകടമായ ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന ആം ആദ്മിയോടുള്ള, ഉപതെരഞ്ഞെടുപ്പ് കാലത്തെ സി.പി.എമ്മിന്‍റെ മൃദുസമീപനവും വിമർശനം ക്ഷണിച്ച് വരുത്തുകയാണ്. ഡൽഹി സംസ്ഥാനഭരണം ലഭിച്ചശേഷം മുസ്ലിംകൾക്ക് എതിരായ ഹിന്ദുത്വ വർഗീയതയുടെ ആക്രമണത്തിന്, ആം ആദ്മി മൗനത്തിലൂടെ പച്ചയായ പിന്തുണയാണ് നൽകിയത്. ഒടുവിൽ ഡൽഹിയിൽ മുസ്ലിംകളുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോഴും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അത് അലോസരപ്പെടുത്തിയതേയില്ല. വൃന്ദ കാരാട്ട് ഉൾപ്പെടെ ഇടതു മതേതര നേതാക്കളാണ് ന്യൂനപക്ഷങ്ങളുടെ പ്രതിരോധത്തിനായി എത്തിയത്. ഈ പ്രത്യയശാസ്ത്ര വിയോജിപ്പുപോലും മറന്നാണ് തൃക്കാക്കരയിൽ സി.പി.എം ആപിന് സ്തുതി പാടുന്നത്. 

Tags:    
News Summary - LDF kneels before Twenty20 and AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.