ശ്രീജ അശോകൻ (വടവുകോട് ബ്ലോക്ക്), മോൻസി പോൾ (പൂതൃക്ക പഞ്ചായത്ത്), നിമിഷ (പറവൂർ നഗരസഭ)

എറണാകുളം കീരംപാറയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമാകും; പറവൂർ നഗരസഭയിൽ ബി.ജെ.പി സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്

കൊച്ചി: എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തെയും ഫലം വന്നപ്പോൾ കീരംപാറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. അതേസമയം, കോൺഗ്രസ് ഭരണത്തിലായിരുന്നെങ്കിലും അംഗത്തിന്‍റെ മരണത്തോടെ പ്രസിഡന്‍റ് സ്ഥാനം ട്വന്‍റി 20 പിടിച്ചെടുത്ത വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഇരു കക്ഷികൾക്കും തുല്യ സീറ്റായി. പറവൂർ നഗരസഭയിലെ 14ാം വാർഡായ വാണിയക്കാട് ബി.ജെ.പിയിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാർഡ് കോൺഗ്രസ് നിലനിർത്തി.

കോതമംഗലത്തെ കീരംപാറ പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫിലെ ഷാൻറി ജോസ് എൽ.ഡി.എഫിലെ റാണി റോയിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതമാണ് പൊതു തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ആറാം വാർഡിൽ സ്വതന്ത്രയായി വിജയിച്ച ഷീബ ജോർജ് എൽ.ഡി.എഫിനെ പിന്തുണച്ചതോടെ സി.പി.എമ്മിലെ വി.സി. ചാക്കോ പ്രസിഡന്റും ഷീബയെ വൈസ് പ്രസിഡന്റുമാക്കി എൽ.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം സി.പി.എം അംഗമാണെന്ന് എഴുതി നൽകിയതിനാൽ ഷീബയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ബീന റോജോ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പറവൂർ നഗരസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിമിഷ ബി.ജെ.പിയിലെ രമ്യ രാജീവിനെ 160 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്. ബി.ജെ.പി അംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി ശ്രീജ അശോകൻ വിജയിച്ചതോടെ അംഗബലം യു.ഡി.എഫിനും ട്വന്‍റി 20ക്കും അഞ്ച് വീതം, എൽ.ഡി.എഫിന് മൂന്ന് എന്ന നിലയിൽ തുടരും. പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ട്വന്റി 20 വിട്ടു നിന്നതോടെ കോണ്‍ഗ്രസിലെ വി.ആര്‍. അശോകന്‍ പ്രസിഡന്റാകുകയായിരുന്നു. എന്നാല്‍, അശോകന്റെ നിര്യാണത്തോടെ കോണ്‍ഗ്രസിന് നാലും ട്വന്റി 20ക്ക് അഞ്ചും അംഗങ്ങളായി. ഇതോടെ ട്വന്റി 20ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. അതേസമയം, വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് കോൺഗ്രസ് തുടരുകയും ചെയ്യുകയാണ്. എൽ.ഡി.എഫിന്‍റെ സഹായത്തോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് നിലവിലെ ട്വന്റി 20 ഭരണം അട്ടിമറിച്ചാലും കോൺഗ്രസിനും ട്വന്റി 20ക്കും തുല്യ സീറ്റായതിനാൽ നറുക്കെടുപ്പാവും വിജയിയെ നിശ്ചയിക്കുക. അല്ലെങ്കിൽ എൽ.ഡി.എഫ് ഏതെങ്കിലും കക്ഷിക്കൊപ്പം നിൽക്കേണ്ടി വരും.

കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മോൻസി പോൾ വിജയിച്ചു. വാർഡിനെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസിലെ സുശീൽ വി. ദാനിയേൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസിന് ഭരണം തുടരാനാവും.

Tags:    
News Summary - LDF to lose power in Ernakulam Keerampara; LDF has captured the seat of BJP in Paravur Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.