തൃശൂർ: സ്വർണക്കടത്ത് അലയൊലികൾ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിലേക്ക് അടിച്ചുകയറിയപ്പോൾ ഉലഞ്ഞെങ്കിലും ജില്ലയിലെ ഫലം സി.പി.എമ്മിനും എൽ.ഡി.എഫിനും 'ലൈഫ്' നൽകുന്നതായി. ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിേയറ്റ മുന്നണിക്ക് ഗംഭീര തിരിച്ചുവരായി. സംഘടന സംവിധാനങ്ങൾ ചലിപ്പിക്കാതെ വിവാദങ്ങളിൽ പിടിച്ചുകയറി മാത്രം ജയിക്കാനാവില്ലെന്ന പാഠമാണ് കോൺഗ്രസിനും യു.ഡി.എഫിനും ലഭിച്ചത്.
കോൺഗ്രസിന് ശക്തിയുള്ള പ്രദേശമായിരുന്നിട്ടും കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണി ഭരിച്ച തൃശൂർ കോർപറേഷൻ ഇക്കുറി തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച കോൺഗ്രസ് കഴിഞ്ഞതവണ ലഭിച്ച സീറ്റിലൊതുങ്ങി. കോൺഗ്രസ് വലിയ കക്ഷിയാവുകയും മുന്നണിസ്വതന്ത്രരുടെ ബലത്തിൽ എൽ.ഡി.എഫ് വലിയ മുന്നണിയാവുകയും ചെയ്ത കോർപറേഷനിൽ ആര് ഭരിക്കണമെന്ന് ഇനി കോൺഗ്രസ് വിമതൻ തീരുമാനിക്കും. വിമതൻ യു.ഡി.എഫിനെയാണ് തുണക്കുന്നതെങ്കിലും ബലാബലത്തിൽ നിൽക്കും. എൽ.ഡി.എഫ് സ്ഥാനാർഥി മരിച്ചതിനാൽ ഒരു ഡിവിഷനിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
ജില്ല പഞ്ചായത്തിൽ അഞ്ച് സീറ്റ് അധികം നേടി എൽ.ഡി.എഫ് തുടർ ഭരണം ഉറപ്പിച്ചു. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിെൻറ 'പ്രഭവ കേന്ദ്രമായ' വടക്കാഞ്ചേരി നഗരസഭയിൽ ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഈ ജയത്തിനിടയിലും കഴിഞ്ഞ തവണ ഭരിച്ച ചാലക്കുടിയിലെ പരാജയം എൽ.ഡി.എഫിെൻറ ഹൃദയം പിളർക്കാൻ പോന്നതാണ്. 17ൽനിന്ന് അഞ്ചിലേക്ക് ഒതുങ്ങി. ഗുരുവായൂരിൽ എൽ.ഡി.എഫ് ആധിപത്യം നേടിയപ്പോൾ ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളിൽ ആർക്കും ഭൂരിപക്ഷമില്ല. ഇരിങ്ങാലക്കുടയിൽ വലിയ മുന്നണിയായ യു.ഡി.എഫ് ഭരണം തുടരും.
കുന്നംകുളത്ത് മുന്നിലെത്തിയ എൽ.ഡി.എഫിനായിരിക്കും ഭരണം. എൽ.ഡി.എഫ്കേവല ഭൂരിപക്ഷമായ 22 തികച്ച കൊടുങ്ങല്ലൂരിൽ യു.ഡി.എഫ് ഒന്നുകൂടി മെലിഞ്ഞപ്പോൾ എൻ.ഡി.എ 21 സീറ്റ് നേടി. ചാവക്കാട്ട് ഇടതുമുന്നണിക്ക് തന്നെയാണ് ഭരണം. 16 ബ്ലോക്കുകളുടെ ഫലം വന്നപ്പോൾ യു.ഡി.എഫ് നില ഒന്നുകൂടി പരിതാപകരമായി. കഴിഞ്ഞതവണ 13-3 ആയിരുന്നത് ഇത്തവണ 14--2 ആയി. ചാവക്കാട് ബ്ലോക്ക് യു.ഡി.എഫ് നിലനിർത്തിയപ്പോൾ മാളയും പുഴയ്ക്കലും എൽ.ഡി.എഫിന് അടിയറവെച്ചു. 86 ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷമിടത്തും മേൽക്കൈ നേടി ഇടത് സമഗ്രാധിപത്യം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.