നാദാപുരം: മൻസൂർ വധത്തെ തുടർന്ന് വ്യാപക അക്രമങ്ങൾ അരങ്ങേറിയ പെരിങ്ങത്തൂരിനടുത്ത് ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്‍റെ സൂപ്പർ മാർക്കറ്റിന് തീയിട്ടു. ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ സൂപ്പർ മാർക്കറ്റിനാണ് തീയിട്ടത്. എടക്കുടി ഇ.കെ അബൂബക്കറിന്‍റെ ഉടമസ്ഥതിയിൽ രണ്ടര മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ മിനി സൂപ്പർ മാർക്കറ്റാണ് കത്തിച്ചത്.
ബുധനാഴ്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് തീ വെച്ചത്. മുൻ വശത്തെ ഇരുമ്പ് ഗ്രില്ലിനുള്ളിലൂടെ തീ കൊടുക്കുകയായിരുന്നു. സമീപവാസികൾ തീപടരുന്നത് കണ്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അബൂബക്കർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കർ.
സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. അഹ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, യു.പി മൂസ്സ എന്നിവർ സ്ഥലം സന്ദർശിച്ചു. എടച്ചേരി പൊലീസിൽ പരാതി നൽകി.
കോഴിക്കോട് ജില്ലയുടെ ഭാഗമായ അതിർത്തി പ്രദേശമായ ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഇന്നലെ അക്രമം അരങ്ങേറിയ പെരിങ്ങത്തൂർ. മൻസൂറിന്‍റെ വിലാപയാത്രയോടനുബന്ധിച്ച് ഇവിടെ കടകൾക്കും പാർട്ടി ഓഫിസുകൾക്കും നേെര അക്രമം അരങ്ങേറിയിരുന്നു.
അതേസമയം, കൊലപാതകവും തുടർന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് പക്ഷപാതപരമായാണ് നടപടിയെടുക്കുന്നതെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. ഇക്കാര്യമുന്നയിച്ച് കണ്ണൂർ ജില്ല കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.
മന്‍സൂര്‍ വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫിസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പൊലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചതായും നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.