കോഴിക്കോട്: സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്വിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടി വേണ്ടെന്ന് കേന്ദ്ര മുശാവറ യോഗത്തിൽ തീരുമാനം. അദ്ദേഹം നൽകിയ മറുപടിയിൽ തൃപ്തി പ്രകടിപ്പിച്ച് വിഷയം അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗത്തെ അറിയിച്ചു.
അതുകൊണ്ടുതന്നെ ബഹാഉദ്ദീൻ നദ്വിക്ക് കൂടുതൽ കാര്യങ്ങൾ യോഗത്തിൽ വിശദീകരിക്കേണ്ടി വന്നില്ല. അനുരഞ്ജന പാതയിൽ നീങ്ങണമെന്ന സന്ദേശം യോഗത്തിന്റെ തുടക്കത്തിൽതന്നെ ജിഫ്രി തങ്ങൾ പറഞ്ഞതോടെ വിവാദ വിഷയങ്ങളിൽ ചർച്ചയുമുണ്ടായില്ല. എവിടെയൊക്കെയാണ് പ്രശ്നങ്ങളെന്ന് മനസ്സിലാക്കി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
തർക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ അടക്കമുള്ളവരുമായി സംസാരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. സമുദായ ഐക്യമാണ് പ്രധാനമെന്നും അതിന് വിഘാതമാകുന്ന പ്രവർത്തനങ്ങളിൽനിന്ന് നേതാക്കളും പ്രവർത്തകരും വിട്ടുനിൽക്കണമെന്നും ജിഫ്രി തങ്ങൾ നിർദേശിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സമസ്തയിലെ ഒരുവിഭാഗവും സുപ്രഭാതം പത്രവും സ്വീകരിച്ച നിലപാടിനെതിരെ ശക്തമായ വിമർശനമുയർത്തിയതിനാണ് ബഹാഉദ്ദീൻ നദ്വിക്ക് സമസ്ത അധ്യക്ഷനും ജന. സെക്രട്ടറിയും ഒപ്പിട്ട കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
48 മണിക്കൂറിനകം മറുപടി നൽകണമെന്നും നിർദേശിച്ചിരുന്നു. പറഞ്ഞ വിഷയത്തിൽ ഉറച്ചുനിൽക്കുന്നതായും കൂടുതൽ കാര്യങ്ങൾ മുശാവറ യോഗത്തിൽ വിശദീകരിക്കുമെന്നും കാണിച്ച് ബഹാഉദ്ദീൻ നദ്വി മറുപടി നൽകി. നദ്വിക്കെതിരെ നടപടിയെടുക്കണമെന്നതാണ് സമസ്തയിലെ ഒരുവിഭാഗത്തിന്റെ താൽപര്യമെന്ന് മനസ്സിലാക്കിയ മുസ്ലിം ലീഗ് നേതൃത്വവും മുശാവറയിലെ ലീഗ് ആഭിമുഖ്യമുള്ള അംഗങ്ങളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നു.
നടപടിയെടുത്താൽ പ്രത്യാഘാതമുണ്ടാകുമെന്ന സൂചന നൽകുന്നതായിരുന്നു കൊളത്തൂർ ടി. മുഹമ്മദ് മൗലവി പുരസ്കാരവേദിയിലെ സാദിഖലി തങ്ങളുടെ പ്രഭാഷണം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലംകൂടി വന്നതോടെ സമസ്തയിലെ ലീഗ് വിരുദ്ധർ കടുത്ത പ്രതിരോധത്തിലായി.
പൊന്നാനിയിലും മലപ്പുറത്തും ലീഗ് വിരുദ്ധരുടെ പ്രവർത്തനങ്ങൾ അനുരണനങ്ങളുണ്ടാക്കിയില്ലെന്ന് മാത്രമല്ല, ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന വിലയിരുത്തലിലാണ് സമസ്ത നേതൃത്വം അനുരഞ്ജന പാതയിലേക്ക് വന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, മുശാവറയുടെ തീരുമാനത്തിൽ തൃപ്തി പ്രകടിപ്പിച്ച ലീഗ് നേതൃത്വം സമസ്തയിലെ ലീഗ് വിരുദ്ധരുമായി അനുരഞ്ജനമില്ലെന്ന് ആവർത്തിച്ചു. ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും ‘ഷജറ’കൾ രംഗത്തിറങ്ങിയപ്പോൾ ലീഗിന് വോട്ട് വർധിക്കുകയാണുണ്ടായതെന്നും ഇക്കാര്യം മനസ്സിലാക്കി സമസ്ത നേതൃത്വം തിരുത്തലുകൾ വരുത്തുകയാണെങ്കിൽ അത് സ്വാഗതാർഹമാണെന്നും പ്രമുഖ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.