തിരൂരങ്ങാടി: തിരൂരങ്ങാടി ആർ.ടി ഓഫിസിൽ ലേണിങ് ടെസ്റ്റിന് എത്തുന്നവർക്ക് കടുത്ത ബുദ്ധിമുട്ട്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും ടെസ്റ്റിൽ പങ്കെടുക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമാണ് ഏറെനേരം ടെസ്റ്റിനുവേണ്ടി കാത്തിരിക്കാൻ കാരണമാകുന്നത്.
അധികൃതർ വളരെ നേരത്തേ ടെസ്റ്റിന് എത്താൻ പറയുന്നതും പ്രയാസം സൃഷ്ടിക്കുന്നു. പലപ്പോഴും 11ന് തുടങ്ങേണ്ട ടെസ്റ്റ് മണിക്കൂറുകൾ കഴിഞ്ഞാണ് തുടങ്ങാറ്. നാല് എ.എം.വി.എമാർ വേണ്ടിടത്ത് രണ്ടുപേർ മാത്രമാണ് ഇവിടുള്ളത്. ഇവർ തെന്നലയിലെ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞുവേണം ഇവിടേക്കെത്താൻ. മാത്രമല്ല, യു.പി.എസ് ഇല്ലാത്തതിനാൽ വൈദ്യുതി നിലച്ചാൽ ടെസ്റ്റ് മുടങ്ങുന്നതും പതിവാണ്.
കൈക്കുഞ്ഞുങ്ങളടക്കമുള്ള സ്ത്രീകൾ മണിക്കൂറുകളോളം വരിനിന്നാണ് ടെസ്റ്റിന് കയറുന്നത്. എന്നാൽ, ഓഫിസിൽ വേണ്ടത്ര അടിസ്ഥാനസൗകര്യമില്ലായ്മയും പോരായ്മ ഉയർത്തുന്നു. കസേരയോ മുലയൂട്ടാൻ വേണ്ട കേന്ദ്രമോ സ്ത്രീകൾക്കു മാത്രമായി ബാത്റൂം സൗകര്യമോ ഇല്ലാത്തത് പ്രയാസം ഇരട്ടിക്കുന്നു.
മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫിസിന്റെ മറുഭാഗത്തുള്ള ശുചിമുറി പലപ്പോഴും സമീപത്തെയും മറ്റ് ഓഫിസുകളിലെ ഉദ്യോഗസ്ഥർ ചേർന്ന് പൂട്ടിയിടാറുണ്ടെന്ന് ടെസ്റ്റിന് എത്തുന്നവർ പരാതി പറയുന്നു. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ലേണിങ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, അപകടം സംഭവിച്ച വാഹനങ്ങളുടെ പരിശോധന എന്നിവക്കെല്ലാം കാലതാമസം വരുന്നുണ്ട്. രാവിലെ ഏഴിന് എത്തുന്ന ഉദ്യോഗസ്ഥർ ഗ്രൗണ്ടിലെ ടെസ്റ്റ് കഴിഞ്ഞ് ആർ.ടി ഓഫിസിൽ എത്തി ലേണിങ് ടെസ്റ്റിന് നേതൃത്വം നൽകുന്നതടക്കം ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് കടുത്ത പ്രയാസമാണ് ഉണ്ടാക്കുന്നത്.
അതേസമയം, എം.വി.ഐ ഉച്ചക്കുശേഷം എത്തിയാൽ ഏജന്റുമാർക്ക് ഇവിടെ പ്രത്യേക ഇരിപ്പിടവും അധികസൗകര്യങ്ങളും നൽകുന്നതായി വിമർശനമുണ്ട്. ഉച്ചക്കുശേഷം ഏജന്റുമാർ ഓഫിസിൽ എത്തി ഡ്രൈവിങ് ടെസ്റ്റ് നടന്ന റിസൽട്ട് കാര്യങ്ങൾ ചോദിച്ചറിയുന്നതും ഇവിടെ സ്ഥിരമാണെന്ന് പരാതിയുണ്ട്. എം.വി.ഐ ഇത്തരക്കാരായ ഏജന്റുമാരുടെ സഹായിയാണെന്ന വിമർശനവുമുണ്ട്. അടിയന്തരമായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും കമ്പ്യൂട്ടർ അടക്കം അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി അനുവദിക്കുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.