തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് താൽകാലികമായി മരവിപ്പിച്ച ലീവ് സറണ്ടർ ആണ് പുനഃസ്ഥാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ധന വകുപ്പ് പുറത്തിറക്കി.
അതേസമയം, ലീവ് സറണ്ടർ പുനഃസ്ഥാപിച്ച തുക മാർച്ച് 20 മുതൽ പി.എഫിൽ ലയിപ്പിക്കും. നാല് വർഷത്തിന് ശേഷം പിൻവലിക്കാൻ സാധിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ളവർക്കാണ് ലീവ് സറണ്ടർ ബാധകം. 2022-23 കാലയളവിലെ ലീവ് സറണ്ടർ ഇന്ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി.
കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ജീവനക്കാരുടെ ലീവ് സറണ്ടർ സർക്കാർ മരവിപ്പിച്ചത്. ഈ കാലയളവിൽ ലീവ് സറണ്ടർ മരവിപ്പിച്ചു കൊണ്ട് നാലു തവണ സർക്കാർ ഉത്തരവിറക്കിയിരുന്നു. മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നിരവധി തവണ സർക്കാരിന്‍റെ സമീപിച്ചിരുന്നു.
അതേസമയം, നാല് വർഷത്തെ വിലക്കുള്ളതിനാൽ ലീവ് സറണ്ടർ ചെയ്ത് കഴിഞ്ഞാൽ അടുത്ത സർക്കാരിന്‍റെ കാലത്ത് മാത്രമേ ജീവനക്കാർക്ക് പണം ലഭിക്കുകയുള്ളൂ. ഒരു വർഷത്തെ ആർജിത അവധിയിൽ ഉപയോഗിക്കാത്ത 30 അവധികൾ സർക്കാർ ജീവനക്കാർക്ക് സറണ്ടർ ചെയ്യാം. ഒരു മാസത്തെ ശമ്പളമാണ് ലീവ് സറണ്ടറായി ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.