ആരോപണം പ്രതിരോധിക്കാൻ ഇടതുമുന്നണി; ജൂൺ 21 മുതൽ ജില്ലകളിൽ റാലികളും വിശദീകരണ യോഗങ്ങളും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഉയർന്ന പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയമായി നേരിടാൻ ഇടതു മുന്നണി തീരുമാനം.

ജൂൺ 21 മുതൽ ജില്ലകളിൽ വമ്പൻ റാലികളും വിശദീകരണ യോഗങ്ങളും നടത്തും. മുന്നണി നേതാക്കൾ ഇതിൽ പങ്കെടുക്കും. തുടർന്ന് മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ ജനങ്ങളെ സംഘടിപ്പിച്ച് നേരിടാൻ നേരത്തേ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടതുമുന്നണി യോഗം ചേർന്നത്.

പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലികളാണ് ഓരോ ജില്ലകളിലും നടത്തുക. ജൂൺ 21ന് തിരുവനന്തപുരം, 22ന് കൊല്ലം, എറണാകുളം, 23ന് കോഴിക്കോട്, കാസർകോട് 28ന് കോട്ടയം, കണ്ണൂർ, 29ന് പത്തനംതിട്ട, വയനാട്, 30ന് ആലപ്പുഴ, ഇടുക്കി, ജൂലൈ രണ്ടിന് പാലക്കാട്, മൂന്നിന് തൃശൂർ, മലപ്പുറം എന്നിങ്ങനെയാണ് ജില്ല റാലികൾ.

വിമാനത്തിലുണ്ടായ സംഘർഷത്തിന്‍റെ വിശദാംശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. തനിക്കു നേരേ വന്നവരെ തടയാൻ വേണ്ട പ്രതിരോധം ഇ.പി. ജയരാജൻ തീർക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആക്രമണ നീക്കമാണ് നടന്നതെന്ന് കൺവീനർ ഇ.പി. ജയരാജനും വിശദീകരിച്ചു. അക്രമത്തെ അപലപിച്ച ഇടതുമുന്നണി ഇത് ആസൂത്രിതമാണെന്നും വിലയിരുത്തി.

Tags:    
News Summary - Left Front to defend the allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.